മദ്യ നയ കേസിൽ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ഇഡി അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലിനു പിന്നാലെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഒരു മണിക്കൂർ നേരം ഇഡി സംഘം ഇദ്ദേഹത്തിന്റെ വസതിയിൽ വച്ച് കെജ്രിവാളിനെ ചോദ്യം ചെയ്തു. പ്രതിഷേധം കണക്കിലെടുത്ത് ദില്ലിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു.
കേജ്‍രിവാളിന്റെ വസതിക്കു മുന്നിൽ തിങ്ങി നിറഞ്ഞ പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കാൻ ദില്ലി പൊലീസ് ശ്രമം തുടങ്ങി. ഇതിന് ശേഷം അരവിന്ദ് കെജ്രിവാളിനെ ഇഡി സംഘം കൊണ്ടുപോകും. അറസ്റ്റ് രാഷ്ട്രീയ ഗൂഢാലോചനയെന്ന് വിമർശിച്ച ആം ആദ്മി പാർട്ടി, അരവിന്ദ് കേജ്‌രിവാൾ ജയിലിലിരുന്ന് ഭരിക്കുമെന്ന് പറഞ്ഞു.
ദില്ലിയുടെ മുഖ്യമന്ത്രി പദത്തിൽ കേജ്‌രിവാൾ തുടരുമെന്ന് എഎപി നേതാവും മന്ത്രിയുമായ അതിഷി പറഞ്ഞു. സുപ്രീംകോടതിയിൽ ഹർജി സമർപ്പിച്ചിട്ടുണ്ടെന്നും ഞങ്ങളുടെ അഭിഭാഷകർ കോടതിയിലേക്ക് എത്തുന്നു, രാത്രി തന്നെ അടിയന്തരമായി വാദം കേൾക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നതെന്നും അതിഷി കൂട്ടിച്ചേർത്തു. ദില്ലി സംസ്ഥാനത്തെ ചില്ലറ മദ്യവിൽപ്പന മേഖലയിലെ സർക്കാർ നിയന്ത്രണങ്ങൾ എടുത്ത് കളഞ്ഞ എഎപി സർക്കാരിന്റെ പുതിയ മദ്യനയമാണ് കേസിന് ആധാരം. സ്വകാര്യ മേഖലയ്ക്ക് മദ്യോൽപ്പന്ന വിതരണ മേഖലയിലേക്ക് കടന്നുവരാൻ വഴിയൊരുക്കിയതായിരുന്നു ദില്ലി എക്സൈസ് നയം 2021-22. ഇത് രൂപീകരിക്കുന്നതിലും നടപ്പാക്കിയതിലും അഴിമതിയുണ്ടെന്നാണ് സിബിഐ ഫയൽ ചെയ്ത ഇപ്പോഴത്തെ കേസ്.