തിരുവനന്തപുരം: ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ എൻഫോഴ്‌സ്‌മെന്റ് പ്രവർത്തനങ്ങൾ ശക്തമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. നിലവിൽ നിയോജക മണ്ഡലത്തിൽ ഒന്ന് എന്ന കണക്കിനാണ് ഭക്ഷ്യ സുരക്ഷാ ഓഫീസർമാരുള്ളത്. ഇത് വിപുലീകരിക്കാൻ കൂടുതൽ തസ്തികകൾ സൃഷ്ടിക്കുക എന്നത് സർക്കാരിന്റെ പരിഗണനയിലാണ്. 14 ജില്ലകളിലും മൊബൈൽ ലബോറട്ടികൾ സജ്ജമാക്കി. ലാബ് സംവിധാനം ശക്തിപ്പെടുത്തുന്നത് ഈ വർഷം പൂർത്തിയാക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഭക്ഷ്യ സുരക്ഷാ ബോധവത്ക്കരണ സെമിനാറിന്റേയും ഈറ്റ് റൈറ്റ് കേരള മൊബൈൽ ആപ്പിന്റേയും ഉദ്ഘാടനം ലോക ഭക്ഷ്യ സുരക്ഷാ ദിനത്തിൽ തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലിൽ വച്ച് നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
ആരോഗ്യ രംഗത്ത് കേരളം ഏറെ മുന്നിലാണെങ്കിലും ജീവിതശൈലീ രോഗങ്ങൾ വെല്ലുവിളിയാണ്. ഇതിനൊരു പരിഹാരമായി 30 വയസിന് മുകളിലുള്ളവർക്ക് വാർഷികാരോഗ്യ പരിശോധന നടത്തി വരുന്നു. താഴെത്തട്ടിൽ തന്നെ ആരോഗ്യം ഉറപ്പാക്കാനാണ് ജനകീയ പങ്കാളിത്തത്തോടെ 5409 ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ ആരംഭിച്ചത്. ഗുണനിലവാരമുള്ള ജീവിതം ഉറപ്പാക്കുന്നതിൽ ആഹാരത്തിന് വലിയ പ്രധാനമാണുള്ളത്. ഭക്ഷ്യസുരക്ഷ എന്നത് ഓരോരുത്തരുടെയും ഉത്തരവാദിത്തമാണ്. ഭക്ഷ്യസുരക്ഷാ വകുപ്പ് എൻഫോഴ്‌സ്‌മെന്റ്, ട്രെയിനിംഗ്, ബോധവത്ക്കരണം എന്നിവയിലൂടെ ഭക്ഷണത്തിന്റെ നിലവാരം ഉയർത്തുന്നതിന് വേണ്ടി നിരന്തരം പ്രവർത്തിച്ച് വരുന്നു. കഴിഞ്ഞ വർഷം 75,000 ഓളം സ്ഥാപനങ്ങളിൽ പരിശോധന നടത്തി. മൊബൈൽ ലാബിന്റെയും മറ്റ് ലാബുകളുടെയും സഹായത്തോടെ 67,272 സാമ്പിളുകൾ പരിശോധിച്ചു. നിലവാരം ഇല്ലാത്തതും സുരക്ഷിതമല്ലാത്തതുമായ സാമ്പിളുകൾ വിറ്റ 1079 സ്ഥാപനങ്ങൾക്കെതിരെ നിയമനടപടി സ്വീകരിച്ചു. നിയമലംഘനം നടത്തിയ 6022 സ്ഥാപനങ്ങളിൽ നിന്നായി 3 കോടിയോളം രൂപ പിഴ ചുമത്തി.
ഇങ്ങനെ നിരവധി എൻഫോഴ്‌സ്‌മെന്റ് പ്രവർത്തനങ്ങൾ നടത്തുന്നതോടൊപ്പം തന്നെ ഭക്ഷ്യസ്ഥാപനങ്ങളുടെ നിലവാരം ഉയർത്തുന്നതിനായി ഭക്ഷ്യ സ്ഥാപനങ്ങളിൽ ജോലി ചെയ്തു വരുന്ന 25,000ത്തോളം പേർക്ക് ഫോസ്റ്റാഗ് പരിശീലനം നൽകി സ്ഥാപനങ്ങളുടെ നിലവാരം ഉയർത്തുന്നതിന് സഹായിക്കുകയും ചെയ്തു. കഴിഞ്ഞ വർഷം ഭക്ഷ്യസുരക്ഷാ ഓഫീസർമാർ 3,298 ബോധവത്ക്കരണ ക്ലാസുകൾ നൽകി. ഇതിൽ 500 ക്ലാസുകൾ സ്‌കൂൾതലത്തിൽ ജംഗ് ഫുഡിന്റെ ദൂഷ്യങ്ങളെ കുറിച്ചും കുട്ടികളുടെ ഭക്ഷണ രീതിയിൽ അവശ്യം വരുത്തേണ്ട മാറ്റങ്ങളെ കുറിച്ചുമായിരുന്നു.
കഴിഞ്ഞ മാർച്ചിൽ ഉദ്ഘാടനം ചെയ്ത പരാതി പരിഹാര സംവിധാനമായ ഭക്ഷ്യസുരക്ഷാ ഗ്രിവൻസ് പോർട്ടലിലൂടെ രണ്ടര മാസംകൊണ്ട് തന്നെ 336 പരാതികൾ ഭക്ഷ്യസുരക്ഷാ വകുപ്പിൽ ലഭിക്കുകയും അതിൽ 230 എണ്ണം അന്വേഷിച്ച് പരിഹരിക്കുകയും ചെയ്തു കഴിഞ്ഞു. 106 പരാതികളെ കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഈറ്റ് റൈറ്റ് കേരള എന്ന മൊബൈൽ ആപ്പിലൂടെ നിലവാരം സൂക്ഷിക്കുന്ന ഹോട്ടലുകളുടെ വിവരവും അവയുടെ ലൊക്കേഷനും അറിയാൻ കഴിയുന്നതാണ്. നിലവിൽ 1600 ഹോട്ടലുകളാണ് വിവിധ ജില്ലകളിലായി ഹൈജീൻ റേറ്റിംഗ് പൂർത്തിയാക്കി ആപ്പിൽ സ്ഥാനം നേടിയിട്ടുള്ളത്. കൂടൂതൽ സ്ഥാപനങ്ങളെ ഓഡിറ്റിംഗ് നടത്തി അതിൽ ഉൾപ്പെടുത്തുവാൻ വകുപ്പ് ശ്രമിച്ചുകൊണ്ടിരിക്കുന്നു. ഭക്ഷ്യസുരക്ഷാ നിയമത്തെക്കുറിച്ചുള്ള വിവരങ്ങളും ഈ ആപ്പിൽ ലഭ്യമാണ്. കൂടാതെ പരാതി പരിഹാര സംവിധാനമായ ഗ്രിവൻസ് പോർട്ടൽ ഈ ആപ്പിൽ ലിങ്ക് ചെയ്തിരിക്കുന്നു. ആതിനാൽ ഈ ആപ്പിലൂടെ പരാതികൾ അറിയിക്കുന്നതിനും കഴിയുന്നു. കൂടുതൽ സ്ഥാപനങ്ങൾ ഹൈജീൻ റേറ്റിംഗ് ഓഡിറ്റിംഗ് നടത്തി നിലവാരം മെച്ചപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രി വ്യക്തമാക്കി.