ഭാരം കൂടിയതിനാൽ യാത്രക്കാരെ വിമാനത്തില്‍ നിന്നും ഒഴിവാക്കി ബ്രിട്ടീഷ് എയര്‍ലൈന്റെ ഈസി ജെറ്റ്.19 യാത്രക്കാരെയാണ് ജൂലായ് 5ന് ഈസിജെറ്റ് പുറത്താക്കിയത്. സ്പെയിനിലെ ലൻസറോട്ടില്‍ നിന്നും ലിവര്‍പൂളിലേക്ക് പോകുന്നതിന് വേണ്ടി തയാറെടുക്കുമ്പോഴാണ് യാത്രക്കാരുടെ ഭാരം കൂടുതലാണെന്നും അതിനാല്‍ ടേക് ഓഫ് ചെയ്യാൻ പ്രയാസമാണെന്നും പൈലറ്റ് അറിയിച്ചത്.
തുടര്‍ന്ന് 19 യാത്രക്കാരെ ഒഴിവാക്കുകയായിരുന്നു. 19 യാത്രക്കാര്‍ക്ക് അടുത്ത വിമാനത്തില്‍ സൗജന്യ യാത്ര സൗകര്യവും ഒരുക്കിയ ശേഷമാണ് ഈസി ജെറ്റ് ലൻസറോട്ടില്‍ നിന്നും ലിവര്‍പൂളിലേക്ക് പുറപ്പെട്ടത്. രാത്രി 9:45ന് പുറപ്പെടേണ്ട വിമാനം കാലാവസ്ഥ തടസവും യാത്രക്കാരുടെ എണ്ണക്കൂടുതലും കാരണം 11:30നാണ് ടേക് ഓഫ് ചെയ്തത്.
‘ഇവിടെ യാത്രചെയ്യാൻ തയാറെടുത്തിരിക്കുന്ന എല്ലാവരോടും നന്ദി അറിയിക്കുന്നു. കാരണം ഇന്ന് ഒരുപാട് പേരാണ് ഞങ്ങള്‍ക്കു യാത്രക്കാരായുള്ളത്. എന്നാല്‍ ഇവിടെ ലൻസറോട്ടിലുള്ളത് വളരെ ചെറിയ റണ്‍വേയാണ്. മാത്രമല്ല ശക്തമായ കാറ്റ് ഈ ഒരു സാഹചര്യത്തില്‍ നമുക്ക് എല്ലാവര്ക്കും വളരെ തടസം സൃഷ്ടിക്കുന്നതാണ്. ഈ ഒരു കാലാവസ്ഥയില്‍ ഇത്രയും യാത്രക്കാരുമായി ലൻസറോട്ടില്‍ നിന്നും പുറപ്പെടാൻ സാധിക്കുന്നതല്ല.’,- പൈലറ്റ് അറിയിച്ചു. 500 യൂറോസ് ഞങ്ങള്‍ നഷ്ടപരിഹാരം നല്‍കുന്നതാണ്.- പൈലറ്റ് കൂട്ടിച്ചേര്‍ത്തു.