വയനാട്ടിൽ പലയിടത്തും ചെറിയ തോതിൽ ഭൂമികുലുക്കമുണ്ടായതായി നാട്ടുകാർ. കുറിച്യർമല, പിണങ്ങോട് മൂരിക്കാപ്പ്, അമ്പുകുത്തിമല, എടക്കൽ ഗുഹ എന്നിവിടങ്ങളോട് ചേർന്ന ചില പ്രദേശങ്ങളിലാണ് ഭൂമികുലുക്കമുണ്ടായതായി നാട്ടുകാർ പറഞ്ഞത്. ഈ സാഹചര്യത്തിൽ പ്രദേശവാസികളോട് ഒഴിഞ്ഞുപോകാൻ റവന്യു വകുപ്പ് അധികൃതർ നിർദേശിച്ചു.
രാവിലെ 10.15-ഓടെയാണ് ശബ്ദവും പ്രകമ്പനവും അനുഭവപ്പെട്ടത്. മൂരിക്കാപ്പിൽ നിർമ്മാണത്തിലിരുന്ന കെട്ടിടത്തിൽ മേശപ്പുറത്തെ ഗ്ലാസുകൾ താഴെ വീണതായും അമ്പലവയൽ ആർഎആർഎസിലെ ശാസ്ത്രജ്ഞരും തൊഴിലാളികളും അമ്പലവയൽ പ്രദേശങ്ങളിൽ വലിയ ശബ്ദവും മുഴക്കവും അനുഭവപ്പെട്ടതായും വ്യക്തമാക്കി.
അതോടൊപ്പം നെന്മേനി വില്ലേജിലെ പാടിപറമ്പ്, അമ്പുകുത്തി, അമ്പലവയൽ ആർഎആർഎസ് പ്രദേശങ്ങളിൽ ഭൂമിക്കടിയിൽ നിന്നും മുഴക്കവും നേരിയ കുലുക്കവും അനുഭവപ്പെട്ടു. വൈത്തിരി താലൂക്കിന് കീഴിൽ പൊഴുതന വില്ലേജിൽ ഉൾപ്പെടുന്ന സുഗന്ധഗരി പ്രദേശത്തും അച്ചൂരാനം വില്ലേജ് ഉൾപ്പെടുന്ന സേട്ടുകുന്ന് പ്രദേശത്തും വലിയ ശബ്ദവും മുഴക്കവും അനുഭവപ്പെട്ടതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
പ്രദേശങ്ങലിലെ ആളുകളെ സുരക്ഷിതമാക്കി മാറ്റുന്നതിനുള്ള നടപടികള്‍ ജില്ലാ ഭരണകൂടം സ്വീകരിച്ചതായി ജില്ലാ കലക്ടര്‍ ഡി.ആര് മേഘശ്രീ വ്യക്തമാക്കി.