സംസ്ഥാനത്ത് ഇ-മെയിൽ അടക്കം ഇലക്ട്രോണിക് മാധ്യമങ്ങൾ വഴി സമൻസ് അയക്കാൻ നിയമഭേദഗതി വരുന്നു. വാട്‌സ്ആപ്പ് ഉൾപ്പടെയുള്ള ഇലക്ട്രോണിക് മാധ്യമങ്ങൾ വഴി സമൻസ് അയയ്ക്കാനുള്ള വ്യവസ്ഥ കൂടി ഉൾപ്പെടുത്താനാണ് ഉദ്ദേശിക്കുന്നത്. ഇതിനായി 1973ലെ ക്രിമിനൽ ചട്ടംഭേദഗതി ചെയ്യുന്ന കരട് ബില്ലിന് മന്ത്രിസഭാ യോഗം അംഗീകാരം നൽകി. അടുത്ത നിയമസഭ സമ്മേളനത്തിൽ ബിൽ പാസാക്കി രാഷ്ട്രപതിയുടെ അനുമതിക്ക് വിടാനാണ് സർക്കാരിൻ്റെ നീക്കം.
സിആർപിസി 62-ാം സെക്ഷനനുസരിച്ച് നേരിട്ടോ രജിസ്‌റ്റേഡ് തപാൽ വഴിയോ ആണ് സമൻസ് അയക്കുന്നത്. ഇത് കൈപറ്റിയെന്ന് ഉറപ്പാക്കുകയും വേണം. ഇതിലാണ് മാറ്റം വരുത്തുന്നത്. നേരിട്ടോ ഇലക്ട്രോണിക് മാധ്യമം മുഖേനയോ എന്ന ഭേദഗതിയാണ് നിലവിൽ വരുന്നത്. സിആർപിസി 62, 91 വകുപ്പുകളിലാണ് ഭേദഗതി വരുത്തുന്നത്. സിആപിസി കേന്ദ്ര നിയമമായതിനാൽ രാഷ്ട്രപതിയുടെ അംഗീകാരം വേണം. എങ്കിൽ മാത്രമേ ബില്ല് നിയമമാകുകയുള്ളൂ.
സെക്ഷൻ 91 ഹാജരാകാൻ നോട്ടീസ് നൽകുന്നതുമായി ബന്ധപ്പെട്ടതാണ്. രേഖകൾ ഹാജരാക്കാനുള്ള സമൻസ് നേരിട്ടോ രജിസ്‌റ്റേർഡ് തപാൽ വഴിയോ ആണ് അയക്കുന്നത്. രണ്ടു വകുപ്പുകളിലും ഇലകട്രോണിക് മാധ്യമങ്ങളെ കൂടി ഉപയോഗപ്പെടുത്താനാണ് ഭേദഗതി കൊണ്ടുവരുന്നത്. ബില്ലിന് അംഗീകാരം ലഭിച്ചു ചട്ടഭേദഗതി വരുത്തുന്ന ഘട്ടത്തിലാണ് ഇ-മെയിൽ മതിയോ വാട്സ്ആപ് അടക്കം മറ്റു മീഡിയകളെ കൂടി ഉൾപ്പെടുത്തണോ എന്നതിൽ അന്തിമ തീരുമാനമെടുക്കുകയുള്ളൂ.