വീണ്ടും റെക്കോർഡുകൾ സ്വന്തമാക്കി ദുബായ് മാൾ. 2023ൽ 10.5 കോടി സന്ദർശകരുമായി റെക്കോർഡിട്ടിരിക്കുകയാണ് ദുബായ് മാൾ. മുൻ വർഷത്തെ 8.8 കോടി സന്ദർശകരെക്കാൾ 19 ശതമാനം വർധനയാണ് 2023ൽ രേഖപ്പെടുത്തിയത്. 2023 ലെ റെക്കോർഡ് കണക്കുകൾക്ക് പിന്നാലെ ആഗോളതലത്തിൽ ഏറ്റവുമധികം ആളുകൾ സന്ദർശിക്കുന്ന സ്ഥലമായി ദുബായ് മാൾ മാറിയെന്ന് മാൾ അധികൃതർ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ഈ വർഷത്തെ ആദ്യ രണ്ട് മാസങ്ങളിൽ മാത്രം 2കോടി ആളുകൾ മാൾ സന്ദർശിച്ചു. 2024 മറ്റൊരു റെക്കോർഡ് വർഷമായി മാറുമെന്നും മാൾ അധികൃതർ പ്രതീക്ഷ പ്രകടിപ്പിച്ചു. നിലവിൽ മാളിനെ ഇൻസ്റ്റാഗ്രാമിൽ പിന്തുടരുന്നവരുടെ എണ്ണം 13 ലക്ഷമാണ്.
ആയിരക്കണക്കിന് ഉപഭോക്താക്കളിൽ നിന്നുള്ള നല്ല ഫീഡ്ബാക്ക് പ്രതിഫലിപ്പിക്കുന്ന മാളിൻ്റെ ഉപഭോക്തൃ സംതൃപ്തി ശരാശരി 4.6 ആണ്. 2008-ൽ ഉദ്ഘാടനം ചെയ്യപ്പെട്ട ദുബായ് മാൾ 12ലക്ഷം ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള ലോകത്തിലെ രണ്ടാമത്തെ വലിയ ഷോപ്പിംഗ് മാളാണ് 1,200-ലധികം റീട്ടെയിൽ ഔട്ട്ലെറ്റുകൾ ഇതിന് ഉണ്ട്.