അമേരിക്കൻ പ്രസിഡന്റായി ഡോണൾഡ് ട്രംപ് വീണ്ടും അധികാരത്തിലേയ്ക്ക്. തിരഞ്ഞെടുപ്പിൽ 270 ഇലക്ടറൽ വോട്ടുകളെന്ന മാജിക് സംഖ്യയിലേക്കാണ് റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ട്രംപ് എത്തിയത്. സ്വിങ്സ്‌റ്റേറ്റുകളിലടക്കം വ്യക്തമായ ഭൂരിപക്ഷത്തോടെയാണ് ട്രംപിൻ്റെ മുന്നേറ്റം. സെനറ്റിലും റിപ്പബ്ലിക്കൻ ആധിപത്യമാണ്.
267 ഇലക്‌ടറൽ വോട്ടുകളാണ് ട്രംപിന് നിലവിലുള്ളത്. കമല ഹാരിസിന് 224 വോട്ടുകളും. ഇതോടെ റിപ്പബ്ലിക്കൻ ക്യാമ്പിൽ ആഘോഷം തുടങ്ങിക്കഴിഞ്ഞു. അമേരിക്ക കാണാത്ത രാഷ്ട്രീയ മുന്നേറ്റമാണിതെന്നും നോർത്ത് കാരൊളൈനയിലെയും ജോർജിയയിലെയും ജനങ്ങളുടെ സ്നേഹത്തിന് നന്ദിയെന്നും ട്രംപ് പറഞ്ഞു. ദൈവം തൻ്റെ ജീവൻ രക്ഷിച്ചതിന് ഒരു കാരണമുണ്ട്. അമേരിക്കയെ വീണ്ടും മഹത്തരമാക്കുമെന്നും ട്രംപ് പറഞ്ഞു.
‘ഏറ്റവും മികച്ച ജോലിയാണ് അമേരിക്കൻ ജനത എന്നെ ഏൽപ്പിച്ചിരിക്കുന്നത്. ആദ്യടേമിൽ വളരെ ലളിതമായ ശൈലിയാണ് സ്വീകരിച്ചത്. വാഗ്ദാനങ്ങൾ നൽകി, വാഗ്ദാനങ്ങൾ പാലിച്ചു. അതുതന്നെ ഇനിയും തുടരു’മെന്നും ട്രംപ് കൂട്ടിച്ചേർത്തു.