താൻ സിനിമ-തിയേറ്റർ കരിയർ അവസാനിപ്പിക്കുന്നുവെന്ന് പ്രഖ്യാപിച്ച് സംവിധായകൻ അൽഫോൻസ് പുത്രൻ. തനിക്ക് ഓട്ടിസം സ്പെക്ട്രം ഡിസോർഡർ എന്ന രോഗമാണെന്ന് കണ്ടെത്തിയതായും സിനിമ പൂർണ്ണമായി ഉപേക്ഷിക്കാൻ സാധിക്കാത്തതിനാൽ ഇനി ഹൃസ്വ ചിത്രങ്ങളും പാട്ടുകളും മാത്രമാകും ചെയ്യുകയെന്നും അൽഫോൻസ് സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കി.
‘ഞാൻ എന്റെ സിനിമ, തിയറ്റർ കരിയർ അവസാനിപ്പിക്കുന്നു. എനിക്ക് ഓട്ടിസം സ്പെക്ട്രം ഡിസോർഡർ എന്ന രോഗമാണെന്ന് കഴിഞ്ഞ ദിവസം സ്വയം കണ്ടെത്തി. ആർക്കും ബാധ്യതയാകാൻ ഞാൻ ഉദ്ദേശിക്കുന്നില്ല. ഹ്രസ്വചിത്രങ്ങളും വീഡിയോയും പാട്ടുകളും ചെയ്യുന്നത് തുടരും. ചിലപ്പോൾ അത് ഒടിടി വരെ ചെയ്യും. സിനിമ ഉപേക്ഷിക്കുന്നത് ചിന്തിക്കാനാകില്ല, പക്ഷേ എനിക്ക് വേറെ മാർഗമില്ല. എനിക്ക് പാലിക്കാൻ കഴിയാത്ത ഒരു വാഗ്ദാനം നൽകാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ആരോഗ്യം മോശമാകുമ്പോൾ ഇന്റർവെൽ പഞ്ചിൽ വരുന്നതുപോലുള്ള ട്വിസ്റ്റുകൾ ജീവിതത്തിൽ സംഭവിക്കും’ എന്നാണ് അൽഫോൻസ് പുത്രൻ കുറിച്ചത്.
Premam, Neram Director #AlphonsePuthren – STOPS MAKING FILMS FOR THEATRES 😲 pic.twitter.com/uXZLqIKjA4
— Venkatramanan (@VenkatRamanan_) October 30, 2023
അൽഫോൻസിന്റെ പോസ്റ്റ് സോഷ്യൽ മീഡിയയിൽ അതിവേഗം ശ്രദ്ധനേടി. നിരവധി പേരാണ് അൽഫോൻസിന് പിൻതുണ പ്രഖ്യാപിച്ചെത്തിയിരിക്കുന്നത്. സ്വന്തമായി തീരുമാനമെടുക്കാതെ ഡോക്ടറുടെ സഹായത്തോടെ കൃത്യമായി രോഗ നിർണയം നടത്താനാണ് ആരാധകർ ആവശ്യപ്പെടുന്നത്. എന്നാൽ പോസ്റ്റ് ചർച്ചയായതോടെ തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് അൽഫോൻസ് നീക്കം ചെയ്യുകയും ചെയ്തു.