അന്തരിച്ച ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ ഭരണത്തിന് കീഴിൽ യുഎഇ നേടിയത് അതിവേഗ വികസനം. ആഗോള മത്സരക്ഷമതയുമായി ബന്ധപ്പെട്ട് മുന്‍ നിരയിലെത്താന്‍ യുഎഇയ്ക്ക് കഴിഞ്ഞെന്നാണ് വിലയിരുത്തല്‍. അടിസ്ഥാന സൗകര്യമേഖലയിലും വലിയ കുതിപ്പുണ്ടായി.
2021ലെ ഊർജ അടിസ്ഥാന സൗകര്യ മേഖലയുമായി ബന്ധപ്പെട്ട് ആഗോള മത്സരക്ഷമതയുടെ 20 പ്രധാന സൂചകങ്ങളിൽ ആദ്യ പത്തിൽ ഇടംനേടിയത് പ്രധാന നേട്ടമാണ്. ഊർജ, അടിസ്ഥാന സൗകര്യ വികസനത്തിന് 40 ബില്യൺ ദിർഹം മൂല്യമുള്ള മുൻനിര പദ്ധതികളാണ് രാജ്യവ്യാപകമായി നടപ്പാക്കിയത്. വിദ്യാഭ്യാസം ആരോഗ്യം വിവിധ സർക്കാർ സേവനങ്ങൾ എന്നിവയ്ക്കായി മൂവായിരത്തിലധികം ഫെഡറല്‍ കെട്ടടങ്ങളും ആസ്തികളും ഇക്കാലത്ത് നേടാനായി.
ശൈഖ് ഖലീഫയുടെ കാലഘട്ടത്തിലെ ശ്രദ്ധേയമായ നേട്ടങ്ങളിൽ 230-ലധികം പൊതുവിദ്യാലയങ്ങളുടെ സ്ഥാപനം, പൂർത്തീകരണം, നവീകരണം, ലോകോത്തര ആശുപത്രികളുടെ ഒരു സംവിധാനവും 32 ഫെഡറൽ സർക്കാർ ആരോഗ്യ സൗകര്യങ്ങളും വികസിപ്പിക്കൽ എന്നിവയും ഉൾപ്പെടുന്നു. 24 ലധികം മത്സ്യബന്ധന തുറമുഖങ്ങൾ സ്ഥാപിച്ചുകൊണ്ട് അദ്ദേഹം മത്സ്യത്തൊഴിലാളികളേയും പിന്തുണച്ചു. സമുദ്ര- തുറമുഖ വികസനങ്ങളിലും മുന്‍നിരയിലെത്തി.
റോഡുകളുടെ കാര്യത്തിലും ഗണ്യമായ പുരോഗതിയാണ് നേടാനായത്. 140ലധികം പദ്ധതികൾ പൂർത്തീകരിച്ചു. രാജ്യത്തെ ഗ്രാമ നഗരങ്ങളെ സുഗമവും അയവുള്ളതുമായ രീതിയിൽ ബന്ധിപ്പിക്കുന്ന ഗതാഗത പാതകളുടെ ആകെ ദൈർഘ്യം കഴിഞ്ഞ 18 വർഷത്തിനിടെ 4,300 കിലോമീറ്ററിലെത്തിയതും ഭരണനേട്ടമാണ്.
മഴയുടെ അളവ് വര്‍ദ്ധിപ്പിക്കുന്ന പാരിസ്ഥിതിക ഇടപെടല്‍, ജലലഭ്യത, എന്നിവയും ശ്രദ്ധേയം. 20 വര്‍ഷത്തിനിടെ 106 അണക്കെട്ടുകൾ നിര്‍മ്മിക്കുകയും പരിപാലിക്കുകയും ചെയ്തതും 33,838-ലധികം പൗര കുടുംബങ്ങൾക്ക് സായിദ് ഹൗസിംഗ് പ്രോഗ്രാമിലൂടെ പിന്തുണ നൽകി. സംയോജിത പാർപ്പിട ജില്ലകൾ സ്ഥാപിച്ചതും ഇക്കാലത്താണ്.