ഡെലിവറി റൈഡർമാരുടെ സുരക്ഷ വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നിബന്ധനൾ പുറപ്പെടുവിച്ച് അബുദാബി പോലീസ്. മോട്ടോർ ബൈക്കുകളിൽ ഡെലിവറി ബോക്സുകൾ ഘടിപ്പിക്കുന്നതിന് ഏഴ് നിബന്ധനകൾ പാലിക്കണമെന്നാണ് പുതിയ നിര്‍ദ്ദേശം.
പെട്ടിയുടെ വീതിയും നീളവും ഉയരവും 50cm ആയിരിക്കണം, പെട്ടി തുറക്കാൻ ഒരു ഫ്രണ്ട് ഹാച്ച് ഉണ്ടായിരിക്കണം, പെട്ടിയുടെ അറ്റങ്ങളില്‍ പ്രതിഫലിപ്പിക്കുന്ന സ്ട്രൈപ്പ് മെറ്റീരിയൽ പതിക്കണം, പെട്ടികളുടെ നിര്‍മ്മാണം ഫൈബർഗ്ലാസ് കൊണ്ടായിരിക്കണം, പെട്ടിയ്ക്ക് മൂർച്ചയുള്ള അറ്റങ്ങൾ പാടില്ല, പെട്ടി സാഡിലിലോ പിൻസീറ്റിലോ ഉറപ്പിച്ച രീതിയിലായിരിക്കണം, പെട്ടിയിലെ എഴുത്തുകൾ 20 മീറ്റർ അകലെ നിന്ന് ദൃശ്യമാകുന്ന വിധം ആകണം എന്നിങ്ങനെയാണ് നിബന്ധനകൾ.
നേരത്തെ റൈഡർമാർക്കുള്ള പരമാവധി വേഗത പരിധി മണിക്കൂറിൽ 100 കിലോമീറ്ററായി നിശ്ചയിച്ചിരുന്നു. ഇടത് പാത ഉപയോഗിക്കാനോ മറ്റൊരു റൈഡറെ ബൈക്കിൽ കയറ്റാനോ പാടില്ലെന്നും മുന്നറിയിപ്പ് നല്‍കിയിരുന്നു. റൈഡര്‍മാര്‍ അപകടത്തില്‍ പെടുന്നതിന്‍റെ എണ്ണം 23 ശതമാനം വര്‍ദ്ധിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് നിബന്ധനകൾ പ്രഖ്യാപിച്ചത്. ഡെലിവറി റൈഡർമാരുടെ ട്രാഫിക് അവബോധം വർദ്ധിപ്പിക്കുന്നതിനുളള നടപടികളും പുരോഗമിക്കുകയാണ്. മികച്ച ഡ്രൈവിംഗിന് ഡെലിവറി എക്സിക്യൂട്ടീവുകൾക്ക് പാരിതോഷികവും പൊലീസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.