ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ വിവിധ പാർട്ടിക്കാൻ പ്രചരണ പരിപാടികളും ആരംഭിച്ചുകഴിഞ്ഞു. ഇപ്പോൾ ആം ആദ്മി പാർട്ടിക്ക് വേണ്ടി ഡൽഹിയിലെ വനിതാ വോട്ടർമാരോട് വോട്ട് അഭ്യർത്ഥിക്കുന്ന ഡൽഹി മുഖ്യമന്ത്രിയും എഎപി നേതാവുമായ അരവിന്ദ് കേജ്രിവാളിന്റെ പ്രസംഗമാണ് ചർച്ചയാകുന്നത്. മോദിക്ക് വോട്ട് ചെയ്യുമെന്ന് പറഞ്ഞാൽ ഭർത്താവിന് അത്താഴം കൊടുക്കരുതെന്നും ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയെ അല്ല എഎപിയെ ആണ് പിന്തുണയ്ക്കേണ്ടതെന്ന് വീട്ടിലെ പുരുഷന്മാരോട് പറയേണ്ട ഉത്തരവാദിത്വം സ്ത്രീകളുടേതാണെന്നുമാണ് അദ്ദേഹം പറഞ്ഞത്.
“കുറേ പുരുഷന്മാർ മോദിയുടെ പേര് പറഞ്ഞുകൊണ്ടിരിക്കുന്നുണ്ട്. അത് ശരിയാക്കാൻ നിങ്ങൾക്കേ സാധിക്കൂ. നിങ്ങളുടെ ഭർത്താവ് മോദിക്ക് വോട്ട് ചെയ്യുമെന്ന് പറയുമ്പോൾ നിങ്ങൾ അദ്ദേഹത്തോട് അത്താഴം വിളമ്പില്ലെന്ന് പറയണം. ഭാര്യമാർ പറയുന്നത് ഭർത്താക്കന്മാർ കേൾക്കും. എഎപിയെ പിന്തുണയ്ക്കുമെന്ന് ഭർത്താക്കന്മാരെക്കൊണ്ട് പ്രതിജ്ഞ ചെയ്യിപ്പിക്കണം. കേജ്രിവാളാണ് നിങ്ങൾക്ക് വൈദ്യുതി സൗജന്യമാക്കിയത്, ബസ് ടിക്കറ്റ് സൗജന്യമാക്കിയത്, ഇപ്പോൾ 1,000 രൂപ സ്ത്രീകൾക്ക് നൽകുന്നു. എന്താണ് ബിജെപി സ്ത്രീകൾക്ക് വേണ്ടി ചെയ്തത്. പിന്നെ എന്തിന് ബിജെപിക്ക് വോട്ടുചെയ്യണം?
സ്ത്രീ ശാക്തീകരണത്തിന്റെ പേരുപറഞ്ഞ് ബിജെപി തട്ടിപ്പുനടത്തുകയാണ്. സ്ത്രീകളെ പുകഴ്ത്തി അവർ ശാക്തീകരിക്കപ്പെടുന്നുവെന്നാണ് ബിജെപി പറഞ്ഞുകൊണ്ടിരുന്നത്. എന്നാൽ സ്ത്രീകളുടെ പഴ്സിൽ പ്രതിമാസം ആയിരം രൂപ നിക്ഷേപിച്ചുകൊണ്ടാണ് താൻ സ്ത്രീശാക്തീകരണം നടത്താൻ ഉദ്ദേശിക്കുന്നതെന്നും കാലി പഴ്സിലൂടെ ശാക്തീകരണം നടക്കില്ല” എന്നും അരവിന്ദ് കേജ്രിവാൾ പറഞ്ഞു. ഡൽഹി ടൗൺ ഹാളിൽ മഹിളാ സമ്മാൻ സമാരോഹ് സംവാദ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.