നടി രശ്മിക മന്ദാനക്ക് പിന്നാലെ ഡീപ് ഫേക്ക് വീഡിയോയിൽ കുരുങ്ങിയിരിക്കുകയാണ് ബോളിവുഡ് നടി കജോൾ. ഒരു മലയാളി പേരുള്ള ഇൻസ്റ്റഗ്രാം പേജിലാണ് കാജോളിന്റെ ഡീപ് ഫേക്ക് വീഡിയോ പ്രത്യക്ഷപ്പെട്ടത്. വീഡിയോ ഇതിനോടകം വൈറലായിട്ടുമുണ്ട്.
കജോൾ വസ്ത്രം മാറുന്നു എന്ന രീതിയിലുള്ള തലക്കെട്ടുകളോടെയാണ് ഒരേ വീഡിയോ വിവിധ സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമുകളിൽ പ്രചരിക്കുന്നത്. ഈ വീഡിയോ ഡീപ് ഫേക്ക് ആണെന്ന് ഫാക്ട് ചെക്ക് വെബ്സൈറ്റായ ബൂം ലൈവ് റിപ്പോർട്ട് ചെയ്തു. 2023 ജൂൺ അഞ്ചിന് ഒരു സോഷ്യൽ മീഡിയാ ഇൻഫ്ളുവൻസർ ടിക് ടോക് അക്കൗണ്ടിലൂടെ ഈ ഡീപ് ഫേക്ക് വീഡിയോ നിർമ്മിക്കാനുപയോഗിച്ച യഥാർത്ഥ ദൃശ്യം അപ്ലോഡ് ചെയ്തിരുന്നതായും ദൃശ്യത്തിൽ കജോളിന്റെ മുഖം കൃത്രിമമായി ചേർത്തതാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.
കജോളിന്റെ വ്യാജവീഡിയോയ്ക്ക് ആധാരമായ യഥാർത്ഥ വീഡിയോ പോസ്റ്റ് ചെയ്ത പേജിന്റെ വിശദാംശങ്ങൾ ബൂം ലൈവ് ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഏതാനും ദിവസങ്ങൾക്ക് മുമ്പ് നടി രശ്മിക മന്ദാനയുടെ ഡീപ് ഫേക്ക് വീഡിയോയും പ്രചരിച്ചിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട് 19-കാരനെ പോലീസ് ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.