കുസാറ്റിൽ നടത്തിയ ടെക്ഫെസ്റ്റിലെ ഗാനമേള സംബന്ധിച്ച് പോലീസിനെ രേഖാമൂലം അറിയിച്ചിട്ടില്ലെന്ന് കൊച്ചി ഡി.സി.പി കെ.എസ് സുദർശൻ. പോലീസിനെ ആവശ്യപ്പെട്ടുള്ള ഒരു അറിയിപ്പും യൂണിവേഴ്സിറ്റിയിൽ നിന്ന് ലഭിച്ചിട്ടില്ലെന്നാണ് ആദ്ദേഹം വ്യക്തമാക്കിയത്. എന്നാൽ വാക്കാല്‍ പൊലീസിനെ പരിപാടിയേക്കുറിച്ച് അറിയിച്ചതായി കൊച്ചിൻ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. പി.ജി. ശങ്കരൻ പറഞ്ഞു.
യൂണിവേഴ്സിറ്റിയിൽ ഗാനമേള നടക്കുന്നതുമായി ബന്ധപ്പെട്ട് രേഖാമൂലം പോലീസിന് അറിയിപ്പ് ലഭിച്ചിട്ടില്ലെന്നും പരിപാടിയുടെ അനുമതിയുമായി ബന്ധപ്പെട്ട് സംഘാടകർ അപേക്ഷ നൽകിയിട്ടില്ലെന്നും കൊച്ചി ഡി.സി.പി പറഞ്ഞു. കഴിഞ്ഞ കുറച്ച് ആഴ്‌ചകളായി വിദ്യാർത്ഥികൾ തമ്മിൽ പ്രശ്‌നങ്ങളുള്ളതിനാൽ പോലീസ് യൂണിവേഴ്സിറ്റിയിൽ പട്രോളിങ് നടത്തുന്നുണ്ടായിരുന്നു. കോളേജ് കോമ്പൗണ്ടിനകത്ത് വിവിധ പരിപാടികൾ നടക്കാറുണ്ട്. അതിന് പോലീസിന്റെ അനുമതി ആവശ്യമില്ല. എന്നാൽ ഇത്രയും വലിയ പരിപാടി നടത്തുന്നതുമായി ബന്ധപ്പെട്ട് അനുമതിക്കായി അധികൃതർ അപേക്ഷിച്ചിരുന്നില്ലെന്നും സംഘാടകരുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായിട്ടുണ്ടോയെന്ന് അന്വേഷിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം പരിപാടി നടക്കുന്ന വിവരം പോലീസിനെ വാക്കാൽ അറിയിച്ചിരുന്നെന്ന് കൊച്ചിൻ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ പറഞ്ഞു. നിർദേശം നൽകിയതനുസരിച്ച് ആറ് പോലീസുകാർ വന്നിരുന്നു. എന്നാൽ, പരിപാടിക്ക് എത്രപേർ വരുമെന്നും പരിപാടിയുടെ സ്വഭാവം എന്താണെന്നും എത്ര പോലീസുകാർ വേണമെന്നും വ്യക്തമാക്കിയിരുന്നില്ല. പോലീസിന്റെ ഭാഗത്തുനിന്ന് വീഴ്‌ച സംഭവിച്ചിട്ടില്ലെന്നും യൂണിവേഴ്സിറ്റി അദ്ദേഹം വ്യക്തമാക്കി.