തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വർണക്കടത്തിൽ കസ്റ്റംസ് ഉദ്യോഗസ്ഥർ അറസ്റ്റിൽ. തിരുവനന്തപുരം വിമാനത്താവളം വഴി അടുത്ത കാലത്ത് നടന്ന സ്വർണ്ണ കള്ളക്കടത്തുകളിൽ ഇരുവർക്കും പങ്കുണ്ടെന്നാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. അനീഷ് മുഹമ്മദ്, നിതിൻ എന്നിവരാണ് അറസ്റ്റിലായത്. ഇരുവരും ഇൻസ്പെക്ടർമാരാണ്. ഡയറക്ടറേറ്റ് റെവന്യു ഇന്റലിജന്റ്സ് (ഡി.ആർ ഐ)ആണ് ഇവരെ അറസ്റ്റ് ചെയ്തത്.
സ്വർണ്ണക്കടത്തിന് ഒത്താശ ചെയ്തു, ഇവരുടെ അറിവോടു കൂടി വിവിധ റാക്കറ്റുകൾ വഴി വരുന്ന സ്വർണം വിമാനത്താവളത്തിന് പുറത്ത് പരിശോധന കൂടാതെ എത്തിച്ചു എന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസവും 4.8 കിലോ സ്വർണ്ണം വിമാനത്താവളത്തിന് പുറത്തുനിന്ന് പിടിച്ചെടുത്തിരുന്നു. അതേദിവസം വിമാനത്താവളത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരാണ് സ്വർണം ക്ലിയർ ചെയ്ത് കൊടുത്തതെന്നാണ് വിവരം.
അതേസമയം, സംഭവവുമായി ബന്ധപ്പെട്ട ഒരു ഓഡിയോ സന്ദേശം ലഭിച്ചിട്ടുണ്ട്. 80 കിലോ സ്വർണം തങ്ങൾ വഴി കടത്തിത്തന്നില്ലേ എന്ന് ഒരു കസ്റ്റംസ് ഉദ്യോഗസ്ഥൻ ചോദിക്കുന്നതെല്ലാം ഓഡിയോ സന്ദേശത്തിലുണ്ട്.