ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള പ്രകടനപത്രിക പുറത്തിറക്കി സിപിഐഎം. ഡൽഹിയിൽ എകെജി ഭവനിൽ സിപിഎം ജനറൽ സെക്രട്ടറി യെച്ചൂരി ഉൾപ്പടെയുള്ള നേതാക്കളാണ് പ്രകടനപത്രിക പുറത്തിറക്കിയത്.പൗരത്വ ഭേദഗതി നിയമം പിൻവലിക്കുമെന്ന് പ്രകടന പ്രത്രിക ഉറപ്പ് നൽകുന്നു. യുഎപിഎ, പിഎംഎൽഎ നിയമങ്ങൾ പിൻവലിക്കും. തൊഴിൽ ഇല്ലായ്മ വേതനം നൽകും. പെട്രോളിയം ഉത്പന്നങ്ങളുടെയും ഡ്യൂട്ടികുറയ്ക്കും. രാഷ്ട്രീയ പാർട്ടികൾ കോർപ്പറേറ്റ് സംഭാവന വാങ്ങുന്നത് തടയും എന്നിവയാണ് സിപിഐഎം പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനങ്ങൾ.
കേന്ദ്ര നികുതിയുടെ 59 ശതമാനം സംസ്ഥാനങ്ങൾക്ക് നൽകും, സംസ്ഥാനങ്ങളുടെ ഭരണഘടനാ അവകാശങ്ങൾ സംരക്ഷിക്കും, തെരഞ്ഞെടുപ്പിനായി പാർട്ടികൾക്ക് കോർപ്പറേറ്റുകൾ ഫണ്ട് നൽകുന്നത് നിരോധിക്കും, ജമ്മു കശ്മീർ പ്രത്യേക പദവി പുനഃസ്ഥാപിക്കും, നിയമസഭാ തെരഞ്ഞെടുപ്പ് നടത്തും എന്നിവയാണ് പത്രികയിലെ പ്രധാന വാഗ്ദാനങ്ങൾ.
ഉന്നതവിദ്യാഭ്യാസത്തിൻ്റെ സ്വകാര്യവത്കരണം അവസാനിപ്പിക്കുമെന്ന നിർണ്ണായക പ്രഖ്യാപനവും സിപിഐഎം പ്രകടന പത്രിക ഉറപ്പ് നൽകുന്നു. സിപിഐഎം നേതൃത്വം നൽകുന്ന കേരളത്തിലെ സിപിഐഎം സർക്കാരിൻ്റെ ബജറ്റ് നിർദേശത്തെ തള്ളുന്നതാണ് സിപിഐഎം പ്രകടനപത്രികയിലെ ഉറപ്പ്. ഉന്നതവിദ്യാഭ്യാസത്തിൻ്റെ സ്വകാര്യ വത്കരണം അവസാനിപ്പിക്കുമെന്നും ഉന്നത വിദ്യാഭ്യാസ രംഗത്ത് വിദേശ നിക്ഷേപം അനുവദിക്കില്ലെന്നുമാണ് പ്രകടന പത്രിക ഉറപ്പ് നൽകുന്നത്.പ്രകടനപത്രികയിൽ വിദേശ സ്വകാര്യ സർവ്വകലാശാലകൾ സംബന്ധിച്ച പരാമർശത്തെക്കുറിച്ച് ഉയർന്ന ചോദ്യങ്ങൾക്ക് സിതാറാം യെച്ചൂരി വ്യക്തതവരുത്തി. ബജറ്റിൽ വിദേശ ,സ്വകാര്യ സർവകലാശാല സാധ്യത തേടുമെന്ന് മാത്രമേ പറഞ്ഞിട്ടുള്ളൂവെന്നായിരുന്നു യെച്ചൂരിയുടെ പ്രതികരണം.