രാജ്യത്ത് കൊവിഡ് പുതിയ വകഭേദമായ ബിഎഫ് 7 സ്ഥിരീകരിച്ചതോടെ ജാഗ്രതയിൽ കേരളം. പത്ത് മാസത്തെ ഇടവേളയ്ക്കൊടുവിലാണ് സംസ്ഥാനം വീണ്ടും കൊവിഡിനെ ജാഗ്രതയോടെ കാണുന്നത്. അയല്‍ രാജ്യങ്ങളിൽ കൊവിഡ് വര്‍ധിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് എല്ലാ ജില്ലകള്‍ക്കും ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്.
പുതിയ കൊവിഡ് വകഭേദത്തിന് വ്യാപന ശേഷി കൂടുതലായതിനാല്‍ അതീവ ജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകി. ആശങ്ക വേണ്ടെന്നും എന്നാല്‍ കൊവിഡ് പകരാതിരിക്കാനുള്ള മുന്‍കരുതല്‍ സ്വീകരിക്കണമെന്നും ആരോഗ്യമന്ത്രി വീണ ജോര്‍ജ് പറഞ്ഞു.
ഇക്കഴിഞ്ഞ ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളിലാണ് സംസ്ഥാനത്ത് കൊവിഡ് രണ്ടാം തരംഗം അവസാനത്തിലേക്ക് എത്തിയത്. മൂന്നാം തരംഗം അകലെയല്ലെന്ന മുന്നറിയിപ്പ് ആരോഗ്യ വിദഗ്ദ്ധര്‍ അന്നുതന്നെ നല്‍കിയിരുന്നു. ചൈന അടക്കമുള്ള അയല്‍ രാജ്യങ്ങളിൽ ഇപ്പോള്‍ കൊവിഡ് മൂന്നാം തരംഗം പിടിമുറുക്കിക്കഴിഞ്ഞു. വ്യാപന ശേഷി കൂടുതലുള്ള ബി എഫ് 7 വകഭേദം ഇന്ത്യയിലും റിപ്പോര്‍ട്ട് ചെയ്തതോടെ പ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ്.
അതേസമയം, കൊവിഡ് കരുതൽ വാക്സിനുമായി ബന്ധപ്പെട്ട് നടപടികൾ ശക്തമാക്കിയിരിക്കുകയാണ് കേന്ദ്രസർക്കാർ. 28 ശതമാനം പേർ മാത്രമാണ് കരുതൽ വാക്സിൻ സ്വീകരിച്ചിട്ടുള്ളത് എന്ന വസ്തുതയുടെ അടിസ്ഥാനത്തിലാണ് നടപടികൾ. സംസ്ഥാനങ്ങളോട് കരുതൽ വാക്സിനേഷൻ വേഗത്തിലാക്കാൻ നിർദ്ദേശം നൽകി. അവശ്യമായ വാക്സിനുകൾ ഉറപ്പാക്കാനുള്ള നടപടികൾ സ്വീകരിക്കാനും മുൻനിര പോരാളികൾക്ക് എല്ലാവർക്കും കരുതൽ വാക്സിൻ അടിയന്തിരമായി നൽകാനും കേന്ദ്ര ആരോഗ്യമന്ത്രാലയം നിർദേശം നൽകി.