യുഎഇയിലെ ഈദ് അൽ-ഫിത്തർ സുരക്ഷിതമായി കോവിഡ് പ്രോട്ടോകോൾ പാലിച്ച് ആഘോഷിക്കണമെന്ന് ദേശീയ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്സ് മാനേജ്മെന്റ് അതോറിറ്റി. കോവിഡ് മാർഗ്ഗനിർദേശങ്ങൾ അനുസരിക്കുന്ന കാര്യത്തിൽ സഹകരിക്കണമെന്ന് താമസക്കാരോടും സന്ദർശകരോടും NCEMA അഭ്യർത്ഥിക്കുന്നു. പ്രായമുള്ളവർ, രോഗബാധിതർ അടക്കമുള്ള ദുർബല വിഭാഗങ്ങളെ പ്രത്യേകം ശ്രദ്ധിക്കാനും നിർദ്ദേശം.
ഈദ് ആഘോഷവുമായി ബന്ധപ്പെട്ട് പുതുക്കിയ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ NCEMA പ്രഖ്യാപിച്ചു.
– പൗരന്മാർക്കും താമസക്കാർക്കും അൽ ഹോസ്ൻ മൊബൈൽ ആപ്പിൽ സാധുവായ ഗ്രീൻ പാസ് ഉണ്ടായിരിക്കണം.
– മസ്ജിദുകൾക്ക് പുറത്ത് ശാരീരിക അകലം പാലിക്കാൻ ഓർമിപ്പിക്കുന്ന സ്റ്റിക്കറുകൾ പതിപ്പിച്ചിരിക്കണം. പാർക്കുകൾ, മസ്ജിദുകൾക്ക് സമീപമുള്ള പാർക്കിംഗ് സ്ഥലങ്ങൾ എന്നിവിടങ്ങളിൽ ഒരുമിച്ചുകൂടാൻ സൗകര്യം ഒരുക്കണം.
– ഈദ് ദിവസം പ്രഭാത നമസ്കാരത്തിന് ശേഷം ഈദ് നമസ്കാരത്തിനായി പള്ളി കവാടങ്ങൾ തുറക്കണം. പ്രാർത്ഥന ആരംഭിക്കുന്നതിന് അര മണിക്കൂർ മുമ്പ് ഈദ് തക്ബീറുകൾ പ്രക്ഷേപണം ചെയ്യണം.
– പ്രാർത്ഥനയും ഖുത്ബയും 20 മിനിറ്റിൽ കൂടരുത്.
– പ്രാർത്ഥനകളിൽ പങ്കെടുക്കുന്നവർ മാസ്ക് ധരിക്കണം. ഒരു മീറ്റർ ശാരീരിക അകലം പാലിക്കണം. സ്വന്തമായി പായ കൊണ്ടുവരികയോ, ഡിസ്പോസിബിൾ നമസ്കാര പായകൾ ഉപയോഗിക്കുകയോ ചെയ്യണം.
– പ്രാർത്ഥനയ്ക്ക് ശേഷമുള്ള ഒത്തുചേരലുകളും ഹസ്തദാനവും ഒഴിവാക്കണം.
– ഈദ് സമ്മാനങ്ങൾ നൽകാൻ മറ്റ് സംവിധാനങ്ങൾ ഉപയോഗപ്പെടുത്തുക. കുടുംബാംഗങ്ങൾക്കും ബന്ധുക്കൾക്കും ഇടയിലുള്ള ആഘോഷങ്ങളും നിയന്ത്രണത്തിൽ ആയിരിക്കണം.