ആലുവയിൽ അഞ്ചുവയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി അസഫാക്ക് ആലം കുറ്റക്കാരനെന്ന് കോടതി. ശിക്ഷാ വിധി വ്യാഴാഴ്ച പുറപ്പെടുവിക്കും. കൊലപാതകം, ബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍, പോക്സോ വകുപ്പുകള്‍ എന്നിവയുള്‍പ്പെടെ പ്രതിക്കെതിരെ ചുമത്തിയ 16 കുറ്റങ്ങളും തെളിഞ്ഞു. എറണാകുളം പോക്സോ കോടതിയുടേതാണ് വിധി. 26 ദിവസം കൊണ്ടാണ് കേസിലെ വിചാരണ പൂർത്തിയാക്കിയത്.
അസ്ഫാക്ക് മാത്രമാണ് കേസിലെ പ്രതി. വീടിന് മുന്നിൽ കളിച്ചുകൊണ്ടിരുന്ന കുട്ടിയെ ജ്യൂസ് വാങ്ങിക്കൊടുത്ത് പ്രലോഭിപ്പിച്ച് ആലുവ മാർക്കറ്റിലെ മാലിന്യകൂമ്പാരത്തിന് പിന്നിലെത്തിച്ച് മദ്യം കുടിപ്പിച്ചായിരുന്നു കുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്തത്. തെളിവ് നശിപ്പിക്കാൻ കുട്ടി ധരിച്ചിരുന്ന ബനിയൻ തന്നെ എടുത്ത് കഴുത്ത് ഞെരിച്ച് കൊന്നു. മുഖം കല്ലുകൊണ്ട് ഇടിച്ച് വികൃതമാക്കി. കുഞ്ഞിനെ ചാക്കിൽ കെട്ടി കരിയില കൾക്കുള്ളിൽ മൂടി. പ്രതിയെ പൊലീസ് അന്നുതന്നെ പിടികൂടിയിരുന്നു.
കേസില്‍ നൂറാം ദിവസമാണ് കോടതി വിധി പ്രസ്താവിച്ചത്. ഒക്ടോബര്‍ 4നാണ് കേസില്‍ വിചാരണ ആരംഭിച്ചത്. കുറ്റകൃത്യം റിപ്പോര്‍ട്ട് ചെയ്ത് 100 ദിവസത്തിനകം വിധി പറഞ്ഞ കേസുകള്‍ രാജ്യത്തെ നീതിന്യായ ചരിത്രത്തില്‍ തന്നെ അപൂര്‍വമാണ്. ജയിലില്‍ കഴിഞ്ഞ പരമാവധി ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന് കോടതിയില്‍ വാദിച്ചു. പ്രതിക്ക് ഒരു മാനസിക പ്രശ്നവും ഇല്ലെന്നും സമാനതകളില്ലാത്ത ക്രൂരതയെന്ന് പ്രോസിക്യൂഷന് കോടതിയില്‍ വ്യക്തമാക്കി.നൂറ് ദിവസവും പ്രതിയില്‍ ഒരു മാറ്റവും പ്രതിയില്‍ ഉണ്ടായിട്ടില്ലെന്നും ഇത് തെളിയിക്കുന്ന ജയില്‍ റിപ്പോര്‍ട്ട് ഹാജരാക്കാമെന്നും പ്രോസിക്യൂഷന് കോടതിയില്‍ പറഞ്ഞു.
കുട്ടികള്‍ക്കെതിരായ ബലാത്സംഗം, പന്ത്രണ്ട് വയസിന് താഴെയുള്ള കുട്ടികള്‍ക്കെതിരായ ബലാത്സംഗം, ആവര്‍ത്തിച്ചുള്ള ബലാത്സംഗം, കൊലപാതകം തുടങ്ങി ആകെ 16 കുറ്റങ്ങള്‍ ചുമത്തി 645 പേജുള്ള കുറ്റപത്രം ആണ് കോടതിയില്‍ സമര്‍പ്പിച്ചത്.ജൂലൈ 28 നാണ് ബിഹാര്‍ സ്വദേശികളായ ദമ്ബതികളുടെ അഞ്ച് വയസുള്ള കുഞ്ഞിനെ പ്രതിയായ അസഫാക് ആലം വിളിച്ചുകൊണ്ടുപോയി ക്രൂരമായി ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയത്. പിറ്റേന്ന് രാവിലെ ആലുവ മാര്‍ക്കറ്റ് പരിസരത്ത് ചാക്കില്‍ കെട്ടിയ നിലയില്‍ കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.