ഇന്ത്യൻ വിമാനം ഉപയോഗിക്കുന്നതിന് പ്രസിഡൻ്റ് മുഹമ്മദ് മുയിസു അനുമതി നിഷേധിച്ചതിനെ തുടർന്ന് മാലിദ്വീപ് സ്വദേശിയായ 14-കാരൻ മരിച്ചെന്ന് പരാതി. സംഭവത്തിൽ പ്രസിഡന്റിനെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്. ഇന്ത്യ നൽകിയ ഹിന്ദുസ്ഥാൻ എയറോനോട്ടിക്‌സ് ലിമിറ്റഡ് നിർമ്മിച്ച ഡോർണിയർ വിമാനം മാലദ്വീപിൽ എയർ ആംബുലൻസായി ഉപയോഗിക്കുന്നുണ്ട്. ഇത് 14കാരന്റെ ചികിത്സയ്ക്കായി നിഷേധിച്ചതാണ് മരണത്തിനിടയാക്കിയതെന്നാണ് റിപ്പോർട്ട്.
ബ്രെയിൻ ട്യൂമർ ബാധിതനായ കുട്ടിക്ക് കഴിഞ്ഞ ബുധനാഴ്‌ച രാത്രിയാണ് മസ്തിഷ്കാഘാതം ഉണ്ടായത്. ഗുരുതരാവസ്ഥയിലായതിനെ തുടർന്ന് വിദഗ്‌ധ ചികിത്സയ്ക്കായി മാലിദ്വീപിന്റെ തലസ്ഥാനമായ മാലെയിലേക്ക് കൊണ്ടുപോകുന്നതിന് കുടുംബം എയർ ആംബുലൻസ് ആവശ്യപ്പെട്ടു. എന്നാൽ 16 മണിക്കൂറിന് ശേഷം വ്യാഴാഴ്‌ച രാവിലെയാണ് എയർ ആംബുലൻസിനുള്ള അനുമതി ലഭിച്ചത്. തുടർന്ന് കുട്ടിയെ മാലെയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അപേക്ഷ ലഭിച്ചയുടൻ നടപടിക്രമങ്ങൾ ആരംഭിച്ചിരുന്നെന്നും അവസാനനിമിഷമുണ്ടായ സാങ്കേതിക തകരാറിനെ തുടർന്നാണ് കാലതാമസം ഉണ്ടായതെന്നും മെഡിക്കൽ ഇവാക്കുവേഷന്റെ ചുമതലയുള്ള ആസന്ധ കമ്പനി ലിമിറ്റഡ് അറിയിച്ചതായാണ് റിപ്പോർട്ട്. എന്നാൽ പ്രസിഡൻ്റിൻ്റെ ഇടപെടലിനെ തുടർന്നാണ് എയർ ആംബുലൻസിന് അനുമതി ലഭിക്കാതിരുന്നതെന്നാണ് ആരോപണം ഉയർന്നത്. ഇതേത്തുടർന്ന് പ്രസിഡന്റിനെതിരെ ശക്തമായ പ്രതിഷേധമാണ് നടക്കുന്നത്. ‘ഇന്ത്യയോടുള്ള പ്രസിഡൻ്റിൻ്റെ വിരോധം തീർക്കാൻ ആളുകൾ അവരുടെ ജീവൻ പണയപ്പെടുത്തേണ്ടതില്ല’ എന്ന് മാലിദ്വീപ് എംപി മീകെയിൽ നസീം എക്സ്‌സിൽ കുറിച്ചു.