യുഎഇയിൽ തൊഴിലിടങ്ങളിലെ അപകടങ്ങളിൽ ജീവിതം ബുദ്ധിമുട്ടിലാക്കും വിധം വൈകല്യം സംഭവിച്ചാൽ മരണപ്പെടുന്ന തൊഴിലാളിക്കു നൽകുന്നതിനു തുല്യമായ നഷ്ടപരിഹാരം നൽകണമെന്ന് ഉത്തരവുമായി മാനവ വിഭവ, സ്വദേശിവൽക്കരണ മന്ത്രാലയം. മെഡിക്കൽ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലായിരിക്കും നഷ്ടപരിഹാരത്തുക നിശ്ചയിക്കുക. ഒടുവിൽ നൽകിയ ശമ്പളം അടിസ്ഥാനമാക്കി തുക നിശ്ചയിക്കും. നഷ്ടപരിഹാര നടപടികൾ പൂർത്തിയാകുന്നതിന് മുൻപ് വീസ റദ്ദാക്കരുതെന്നും ഉത്തരവിലുണ്ട്.
തൊഴിൽ സ്ഥലത്ത് അപകടം സംഭവിക്കുകയോ രോഗബാധിതരാവുകയോ ചെയ്താൽ മെഡിക്കൽ റിപ്പോർട്ട് 10 ദിവസത്തിനകം സർക്കാരിന് നൽകണം. പരുക്കിൻ്റെ തീവ്രത കണക്കാക്കി നഷ്ടപരിഹാരം നിശ്ചയിക്കാനാണിത്. തൊഴിലിടങ്ങളിൽ പരുക്കേൽക്കുകയോ രോഗം ബാധിക്കുകയോ ചെയ്യുന്നവരെ അടിയന്തര ചികിൽസയ്ക്കു വിധേയമാക്കണം.
മന്ത്രാലയത്തിൻ്റെ വെബ്സൈറ്റിലാണ് പരുക്കിൻ്റെ വിവരങ്ങൾ നൽകേണ്ടത്. പരുക്ക് സ്വാഭാവികമാണോ ദുരൂഹമാണോയെന്ന് പൊലീസ്, മെഡിക്കൽ റിപ്പോർട്ടുകൾ നോക്കി തീരുമാനിക്കും. സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങൾ പരുക്കേറ്റ തൊഴിലാളിയുടെ രോഗ വിവരങ്ങൾ അടങ്ങിയ ഫയൽ സൂക്ഷിക്കുകയും വേണം. വീസ റദ്ദാക്കിയാലും ഈ ഫയലുകൾ 5 വർഷം വരെ സ്ഥാപനത്തിൽ ഉണ്ടായിരിക്കണമെന്നാണ് നിയമം. പരുക്കേറ്റാൽ തുടർ നടപടികൾ തൊഴിലുടമ ഏറ്റെടുക്കണം. 48 മണിക്കൂറിനകം പരുക്കിൻ്റെ വിവരം അധികൃതരെ അറിയിക്കുകയും വേണം.
തൊഴിലാളിയുടെ പേര്, സ്ഥലം തിരിച്ചറിയൽ കാർഡ് നമ്പർ, അപകടം നടന്ന സമയം, സ്ഥലം തുടങ്ങി സംഭവത്തിൻ്റെ വിശദ വിവരങ്ങൾ നൽകണം. ചികിത്സ കഴിഞ്ഞാൽ തൊഴിലാളിയുടെ സമഗ്ര ആരോഗ്യ വിവരം മന്ത്രാലയ അധികൃതർക്ക് ആരോഗ്യ കേന്ദ്രങ്ങൾ വഴി നേരിട്ട് നൽകണം. തൊഴിലാളിയുടെ ശാരീരിക ക്ഷമത വ്യക്തമാക്കുന്ന റിപ്പോർട്ട് സർക്കാർ മെഡിക്കൽ കേന്ദ്രങ്ങൾ സാക്ഷ്യപ്പെടുത്തണം.
ഇക്കാര്യത്തിൽ ആരുടെയെങ്കിലും ഭാഗത്തുനിന്ന് വീഴ്ചയുണ്ടായാൽ തൊഴിലുടമയ്ക്കും തൊഴിലാളിക്കും പരാതിപ്പെടാം.
കോൾ സെൻ്റർ നമ്പർ : 600590000. മന്ത്രാലയത്തിൻ്റെ അംഗീകൃത സേവന കേന്ദ്രങ്ങൾ, സ്മാർട് ആപ്, ഡിജിറ്റൽ സംവിധാനം എന്നിവയിലും പരാതിപ്പെടാവുന്നതാണ്.