പരമ്പരാഗത വാണിജ്യ തടിക്കപ്പലുകൾക്ക് ദുബായ് ക്രീക്കില്‍ ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് നീക്കി. ദുബായ് കൗണ്‍സില്‍ ഫോര്‍ ബോര്‍ഡര്‍ ക്രോസിംഗ് പോയിന്‍റ് സെക്യൂരിറ്റി ചെയര്‍മാന്‍ ശൈഖ് മന്‍സൂര്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിഗ് അല്‍ മക്തൂമാണ് പ്രവേശനത്തിന് അംഗീകാരം നല്‍കിയത്.
രാജ്യത്തെ വാണിജ്യ ഗതാഗതം എളുപ്പമാക്കാനും പ്രാദേശിക വിപണനം സുഗമാമാകാനും ഇളവ് നല്‍കുന്നതിലൂടെ കഴിയുമെന്നാണ് നിഗമനം. ഇതോടെ രാജ്യത്തിന്‍റെ പുറത്തുനിന്ന് വരുന്ന കപ്പലുകൾക്ക് പ്രാദേശിക വിപണികളില്‍ നേരിട്ട് പ്രവേശിക്കാനാകും. നിലവില്‍ ദേരയിലെ ഹയാത്ത് റീജിയന്‍സിക്ക് സമീപത്തെ വാര്‍ഫേജിലാണ് തടിക്കപ്പലുകളുെട താവളം.
ദുബായ് തുറമുഖം വഴി വ്യാപാരത്തിലുണ്ടായ വളര്‍ച്ചയെ ശൈഖ് മന്‍സൂര്‍ പ്രശംസിച്ചു. എമിറേറ്റിലേക്കെത്തുന്ന വാണിജ്യ ബോട്ടുകളുടെ എണ്ണവും വര്‍ദ്ധിച്ചിട്ടുണ്ട്. 2021ന്‍റെ ആദ്യപാദത്തില്‍ 2200 ബോട്ടുകൾ എത്തിയെങ്കില്‍ ഇക്കൊല്ലം 2500ല്‍ അധികം ബോട്ടുകളാണ് എത്തിയത്. എട്ട് ശതമാനം വളര്‍ച്ചാ നിരക്കും രേഖപ്പെടുത്തിയിട്ടുണ്ട്.