യുറോപ്പ് സന്ദര്‍ശനത്തിന് ശേഷം കേരള മുഖ്യമന്ത്രിയും സംഘവും യുഎഇ സന്ദര്‍ശിക്കും. ബുധനാഴ്ച ദുബായിലെത്തുന്ന സംഘം 15 നാണ് കേരളത്തിലെത്തിച്ചേരുകയെന്നും റിപ്പോര്‍ട്ടുകൾ. നേരത്തെ 12ന് കേരളത്തിലേക്ക് മടങ്ങാനായിരുന്നു തീരുമാനം.
ഒക്ടോബർ 4നാണ് മുഖ്യമന്ത്രിയും സംഘവും വിദേശ സന്ദര്‍ശനത്തിന് പുറപ്പെട്ടത്. ആദ്യം നോര്വ്വെയിലെത്തിയ സംഘം കേരളത്തിൽ മാരിടൈം ക്ലസ്റ്റർ രൂപവത്കരിക്കുന്നതിനും പുതിയ പദ്ധതികൾ നടപ്പാക്കുന്നതിനും ധാരണയിലെത്തി. നോർവീജിയൻ കമ്പനികളുടെ നിക്ഷേപക സംഗമം ജനുവരിയിൽ നടത്താനും തീരുമാനിച്ചു. മന്ത്രിമാരായ പി രാജീവ്, വി അബ്ദുറഹിമാൻ , വി. ശിവന്‍കുട്ടി എന്നിവരും മുഖ്യമന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.
പിന്നിട് യുകെ സന്ദര്‍ശിച്ച സംഘത്തോടൊപ്പം മന്ത്രി വീണാ ജോര്‍ജ്ജ് , നോർക്ക റസിഡന്റ് വൈസ് ചെയർമാൻമാരായ പി ശ്രീരാമകൃഷ്ണന് എന്നിവരും ചേര്‍ന്നു. നോര്‍ക്കയുമായി ബന്ധപ്പെട്ടും ആരോഗ്യ തൊഴില്‍മേഖലയുമായി ബന്ധപ്പെട്ടും കരാറുകൾ ഒപ്പിടുകയും ചര്‍ച്ചകൾ നടത്തുകയും ചെയ്തു. ലോക കേരള സഭയുടെ യൂറോപ്പ് – യുകെ മേഖലതല സമ്മേളനം മുഖ്യമന്ത്ര ലണ്ടനില്‍ ഉദ്ഘാടനം ചെയ്തിരുന്നു.
വിദേശതൊഴിലിന് മലയാളികളെ പ്രാപ്തമാക്കുന്നതിനും തൊഴിലവസരം ഒരുക്കുന്നതിനും സംഘം നീക്കങ്ങൾ നടത്തി. പ്രവാസികളുടെ ഡാറ്റ ബാങ്ക് തയ്യാറാക്കാൻ നോർക്ക നടപടിയാരംഭിച്ചിട്ടുണ്ട്. വിദേശപഠനത്തിന് പോകുന്നവരുടെ വിവരങ്ങൾ രജിസ്റ്റർ ചെയ്യുന്നതും ഉറപ്പാക്കും. വിവിധ രാജ്യങ്ങളിൽ പ്രവാസികളായെത്തുന്നവർ വഞ്ചിതരാകാതിരിക്കാൻ ഫലപ്രദമായ കുടിയേറ്റ നിയമം അനിവാര്യമെന്ന് സന്ദര്‍ശനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു
അതേസമയം സംഘത്തിലെ ചീഫ് സെക്രട്ടറിയും ഉൾപ്പെടെയുള്ള പ്രതിനിധികൾ വരും ദിവസങ്ങളിൽ നാട്ടിലെത്തും. അതേസമയം യുഎഇയിലേത് സ്വകാര്യ സന്ദർശനമായിരിക്കുമെന്നും പൊതുപരിപാടികളിൽ പങ്കെടുക്കാൻ സാധ്യത കുറവാണെന്നും റിപ്പോര്‍ട്ടുകൾ സൂചിപ്പിക്കുന്നു. കഴിഞ്ഞ ഫെബ്രുവരിയില്‍ മുഖ്യമന്തി യുഎഇയില്‍ ഔദ്യോഗിക സന്ദര്‍ശനം നടത്തിയിരുന്നു.