ലോക്സഭാ തിരഞ്ഞെടുപ്പ് പരാജയത്തിൽ സി.പി.ഐ ജില്ലാ എക്സിക്യൂട്ടിവിൽ മുഖ്യമന്ത്രിക്കും സർക്കാരിനും രൂക്ഷവിമർശനം. എൽ.ഡി.എഫിന്റെ പരാജയത്തിന്റെ പ്രധാന കാരണം മുഖ്യമന്ത്രി പിണറായി വിജയന്റെ ഏകപക്ഷീയമായ പെരുമാറ്റവും ധാർഷ്ട്യവുമാണെന്ന് ആരോപിച്ച നേതാക്കൾ മുഖ്യമന്ത്രി രാജിവെയ്ക്കണമെന്നും ആവശ്യപ്പെട്ടു.
തിരഞ്ഞെടുപ്പ് പരാജയത്തിന് ശേഷവും ധാർഷ്ട്യത്തോടെയുള്ള മുഖ്യമന്ത്രിയുടെ പെരുമാറ്റത്തിനെതിരെയും വിമർശനം ഉയർന്നു. സർക്കാർ ജീവനക്കാരെയും പെൻഷൻകാരെയും സർക്കാർ വെറുപ്പിച്ചു. സപ്ലൈകോയിൽ സാധനങ്ങൾ ലഭിക്കാതെ വന്നതും പെൻഷൻ മുടങ്ങിയതും തിരിച്ചടിയായി. കോൺഗ്രസ് വോട്ടു മാത്രമല്ല, ഇടതുമുന്നണിയുടെ അടിസ്ഥാന വോട്ടുകളും ബിജെപിയിലേക്ക് പോയിട്ടുണ്ട്. തൃശൂരിലെ സിപിഐ സ്ഥാനാർത്ഥിയുടെ തോൽവിയിൽ ഇപ്പോഴും മാറാത്ത ചില സംശയങ്ങളുണ്ടെന്നും യോഗം വ്യക്തമാക്കി.
മുഖ്യമന്ത്രിയെ തിരുത്താൻ സിപിഎമ്മിൽ ആർക്കും ധൈര്യമില്ല. ധാർഷ്ട്യത്തോടെയുള്ള പരാമർശങ്ങളാണ് എല്ലാ കാലത്തും മുഖ്യമന്ത്രി നടത്തുന്നത്. മുഖ്യമന്ത്രി മാറാതെ തിരിച്ചുവരവ് എളുപ്പമല്ലെന്നും നേതൃത്വം കുറ്റപ്പെടുത്തി.