ഇന്ത്യയുടെ ആഭിമാന ചാന്ദ്രദൗത്യം ചന്ദ്രയാൻ-3 വിജയത്തിന് തൊട്ടടുത്തെത്തി. ഇന്ന് പേടകം ചന്ദ്രനിലിറങ്ങുന്നതോടെ ബഹിരാകാശ പര്യവേഷണ മേഖലയിൽ ഇന്ത്യ പുതുചരിത്രം കുതിക്കും.
ലാൻഡർ മൊഡ്യൂളിന്റെ അവസ്ഥയും ചന്ദ്രനിലെ സാഹചര്യവും നോക്കിയാവും ലാൻഡിങ് സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കുക. നിലവിൽ ഇന്ന് വൈകിട്ട് 6.04 ന് ലാൻഡിങ് നടത്തുമെന്നാണ് ഐഎസ്ആർഒ അറിയിച്ചിരിക്കുന്നത്. ഇന്ന് ചന്ദ്രയാൻ 3 ഇറക്കാനായില്ലെങ്കിൽ ‘പ്ലാൻ ബി’യും ഐഎസ്ആർഒ തയ്യാറാക്കിയിട്ടുണ്ട്.
സാഹചര്യം അനുകൂലമാണെങ്കിൽ മാത്രമാണ് 30 കിലോമീറ്റർ ഉയരത്തിൽ നിന്ന് താഴേക്ക് ഇറക്കുക. മറിച്ചാണെങ്കിൽ ആഗസ്റ്റ് 27നായിരിക്കും ലാൻഡിങ് നടക്കുക എന്നാണ് ഐഎസ്ആർഒ അറിയിക്കുന്നത്. ആഗസ്റ്റ് 27 നാണ് ലാൻഡ് ചെയ്യുന്നതെങ്കിൽ ഇപ്പോൾ ഇറങ്ങാൻ ഉദ്ദേശിക്കുന്ന സ്ഥലത്ത് നിന്ന് 400- 450 കിലോമീറ്റർ മാറിയാകും ലാൻഡ് ചെയ്യുക. ചന്ദ്രയാൻ രണ്ടിന് സംഭവിച്ച അവസാന നിമിഷത്തിലെ പാളിച്ച ചന്ദ്രയാൻ- 3 ന് സംഭവിക്കാതിരിക്കാൻ വിക്രം ലാൻഡറിന്റെ കാലുകൾക്ക് കൂടുതൽ ശക്തി നൽകിയിട്ടുണ്ട്. പരമാവധി വേഗത കുറച്ചാകും ലാൻഡർ ചന്ദ്രോപരിതലം തൊടുക. വിമാനത്തിന്റെ പത്തിരട്ടി വേഗത്തിൽ സഞ്ചരിക്കുന്ന പേടകത്തെ റഫ് ബ്രേക്കിംഗ് എന്ന പ്രക്രിയിലൂടെയാണ് വേഗത കുറക്കുക.