‘പ്രോജക്‌ട്‌സ് ഓഫ് ദി 50’ പദ്ധതിയുടെ ഭാഗമായി ഇക്കൊല്ലം വിവിധ രാജ്യങ്ങളുമായി സമഗ്ര വ്യാപാര പങ്കാളിത്ത കരാര്‍ (CEPA)ഒപ്പിടുന്നതിനുളള ചര്‍ച്ചകൾ മുന്നോട്ടുപോവുകയാണെന്ന് യുഎഇ സാമ്പത്തീക കാര്യ വകുപ്പ് മന്ത്രി അബ്ദുല്ല ബിൻ തൂഖ് അൽ മർറി. എട്ട് രാജ്യങ്ങളുമായി ചര്‍ച്ചകൾ സജീവമാണ്. അതേസമയം യുഎഇയും ഇന്ത്യയും തമ്മിലുള്ള സിഇപിഎ ഉഭയകക്ഷി വ്യാപാരം തീവ്രമാക്കുമെന്നും യുഎഇയുടെ ജിഡിപിയിൽ 1.7 ശതമാനം അഥവാ 9 ബില്യൺ യുഎസ് ഡോളർ കൂട്ടിച്ചേർക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു.
സമഗ്ര വ്യാപര പങ്കാളിച്ച കരാറിന്‍റെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ ഉൽപ്പന്നങ്ങളുടെ തീരുവ 90 ശതമാനം കുറച്ച് വ്യാപാരം പ്രോത്സാഹിപ്പിക്കും. എണ്ണയിതര വ്യാപാരം നൂറ് ബില്യണ്‍ ഡോളറായി ഉയര്‍ത്താനാകുമെന്നും അദ്ദേഹം വ്യക്തമാക്കി.2030-ഓടെ യുഎഇയുടെ കയറ്റുമതി 1.5 ശതമാനവും ഇറക്കുമതി 3.8 ശതമാനവും വർദ്ധിപ്പിക്കും.
2030-ഓടെ യുഎഇ സമ്പദ്‌വ്യവസ്ഥയുടെ ഏറ്റവും വാഗ്ദാനമായ മേഖലകളിൽ കഴിവുള്ളവർക്കും വൈദഗ്ധ്യമുള്ളവർക്കും 1,40,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. ഡിജിറ്റല്‍ വ്യാപാരരംഗത്തും വന്‍ മാറ്റങ്ങളാണ് ഉണ്ടാകുന്നതെന്നും അല്‍ മര്‍റി വ്യക്തമാക്കി. അതേസമയം മെയ് ഒന്നുമുതല്‍ പ്രാബല്യത്തിലായ സിഇപിഎ കരാറിന്‍റെ വിപുലമായ സാധ്യതകൾ ആരാഞ്ഞ് യുഎഇ ഉന്നതതല സംഘം ഇന്ത്യ സന്ദര്‍ശിക്കും.