ഗാർഹികാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന് സബ്സിഡി ലഭിക്കാത്തത് കോവിഡ് മൂലമാണെന്ന് കേന്ദ്രത്തിന്റെ മറുപടി. 2020 മെയ് മുതൽ 2021 നവംബർ മാസം വരെ മാത്രം പാചകവാതക വില 258 ശതമാനം വർധിച്ചു. ജനുവരിയിൽ കേന്ദ്ര പെട്രോളിയം മന്ത്രാലയം ഭക്ഷ്യ വകുപ്പ് മന്ത്രി അഡ്വ.ജി.ആർ. അനിലിന് അയച്ച
കത്തിൽ ഇക്കാര്യം വ്യക്തമാക്കുന്നു.
രാജ്യാന്തര വിലയെ അടിസ്ഥാനമാക്കിയാണ് സബ്സിഡി നൽകുന്നതെന്നും കേന്ദ്രം അയച്ച കത്തിൽ പറയുന്നു. 2020 മെയ് വരെ
രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങൾക്കും
പാചകവാതക വിലയുടെ പകുതിയോളം സബ്സിഡി നൽകിയിരുന്നു. എന്നാൽ ആഭ്യന്തര വില കേന്ദ്രത്തിന് താങ്ങാവുന്നതിലും അപ്പുറത്തേക്ക്
ഉയർന്നതുകൊണ്ടാണ് സബ്സിഡി നൽകാൻ കഴിയാത്തതെന്നും കത്തിൽ വിശദമാക്കുന്നു.
ആഭ്യന്തര ആവശ്യത്തിന്റെ 55 ശതമാനം ഇറക്കുമതി ചെയ്യുകയാണ്. സൗദി കരാർ അടിസ്ഥാനത്തിലാണ് പാചകവാതക വില രാജ്യത്ത് ഉയരുന്നത്. സൗദി കരാർ തുകയിൽ 258 ശതമാനമാണ് വർധനവ് ഉണ്ടായതെന്നും കേന്ദ്രം പറയുന്നു.