പൗരത്വ നിയമ ഭേദഗതി നടപ്പാക്കിക്കൊണ്ടുള്ള വിജ്‌ഞാപനം കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ചു. 2019-ല്‍ പാര്‍ലമെന്റ് പാസാക്കിയ പൗരത്വഭേദഗതി നിയമത്തിന്റെ ചട്ടങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം ചെയ്തതോടെയാണ് നിയമം പ്രാബല്യത്തിലായത്. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സിഎഎ നടപ്പാക്കുമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ നേരത്തെ പറഞ്ഞിരുന്നു.
ഈ ആഴ്‌ച തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഉണ്ടാകുമെന്ന് അഭ്യൂഹങ്ങൾ വരുന്നതിനിടെയാണ് കേന്ദ്രസർക്കാരിന്റെ നിർണായക പ്രഖ്യാപനം. പൗരത്വ നിയമഭേദഗതിയുടെ ചട്ടങ്ങളാണ് നിലവിൽ വന്നിരിക്കുന്നത്. കേരളം, ബംഗാൾ ഉൾപ്പെടെയുള്ള സംസ്ഥാന സർക്കാരുകളുടെ എതിർപ്പുകൾ നിലനിൽക്കെയാണ് നിർണായക പ്രഖ്യാപനം വന്നിരിക്കുന്നത്. അസമിൽ വൻതോതിലുള്ള സുരക്ഷ ഒരുക്കിയാണ് പ്രഖ്യാപനം നടത്തിയിരിക്കുന്നത്.
2020 ജനുവരി 10ന് നിയമം നിലവിൽ വന്നെങ്കിലും ചട്ടങ്ങൾ രൂപീകരിക്കാത്തതിനാൽ നടപ്പാക്കിയിരുന്നില്ല. പാക്കിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിൽ നിന്നെത്തിയ ഹിന്ദു, സിഖ്, ജെയിൻ, പാർസി ബുദ്ധ, ക്രിസ്‌ത്യൻ എന്നീ വിഭാഗക്കാർക്ക് ഇതോടെ പൗരത്വം ലഭിക്കും. 2014 ഡിസംബർ 31ന് മുൻപ് ഇന്ത്യയിലെത്തിയവർക്ക് പൗരത്വത്തിനായി അപേക്ഷ നൽകാൻ കഴിയുമെന്നാണ് നിയമത്തിൽ വ്യവസ്ഥ ചെയ്തിരിക്കുന്നത്.