ഏറെക്കാലത്തെ അനിശ്ചിതത്വത്തിനൊടുവിൽ സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഫലം പ്രഖ്യാപിച്ചു. ഇത്തവണയും തിരുവനന്തപുരം തന്നെയാണ് മികച്ച പ്രകടനം കാഴ്ചവെച്ചിരിക്കുന്ന മേഖല. 92.71 ശതമാനം വിദ്യാർത്ഥികൾ ഉപരിപഠനത്തിന് അർഹരായി. പരീക്ഷ ഫലമറിയാൻ cbseresults.nic.in എന്ന വെബ്സൈറ്റ് സന്ദർശിക്കാം.
33,000 വിദ്യാർത്ഥികൾ 95 ശതമാനത്തിന് മുകളിൽ മാർക്ക് നേടിയപ്പോൾ 1.34 ലക്ഷം പേർക്ക് 90 ശതമാനത്തിന് മുകളിലാണ് മാര്‍ക്ക്.
അതേസമയം 2021നെ അപേക്ഷിച്ച് വിജയശതമാനം കുറഞ്ഞു. കഴിഞ്ഞ വര്‍ഷം 99.37 ശതമാനം വിദ്യാര്‍ത്ഥികൾ വിജയം കണ്ടിരുന്നു. ഇക്കുറി വിജയശതമാനത്തില്‍ ആണ്‍കുട്ടികളേക്കാൾ കൂടുതല്‍ പെണ്‍കുട്ടികളാണ് നേട്ടം കൊയ്തത്. 94.54 ശതമാനവുമായി പെൺകുട്ടികൾ ആൺകുട്ടികളെ പിന്തള്ളി മുന്നിലെത്തി. ആൺകുട്ടികളുടെ വിജയശതമാനം 91.25 ആണ്. ആകെ 1,435,366 വിദ്യാർഥികളാണ് പരീക്ഷ എഴുതിയത്. 1,330,662 പേർ വിജയം നേടി.
ദേശീയതലത്തില്‍ 98.83 വിജയശതമാനത്തോടെ തിരുവനന്തപുരമാണ് മുന്നില്‍. ബെംഗളൂരുവിൽ 98.16 ശതമാനവും, ചെന്നൈയിൽ 97.79 ശതമാനവും വിദ്യാര്‍ത്ഥികൾ വിജയിച്ചു. ഡൽഹി ഈസ്റ്റിലും ഡൽഹി വെസ്റ്റിലും 96.29 ശതമാനമാണ് വിജയം. 83.71 ശതമാനം വിജയം മാത്രം നേടിയ ഉത്തർപ്രദേശിലെ പ്രയാഗ് രാജാണ് ഏറ്റവും പിന്നില്‍..
ഒന്ന്, രണ്ട് ടേം പരീക്ഷകളിൽനിന്നുള്ള വെയിറ്റേജ് എടുത്താണ് ഫലം തയാറാക്കിയിരിക്കുന്നത്. ടേം-1 പരീക്ഷകൾക്ക് 30 ശതമാനവും ടേം-2 പരീക്ഷകൾക്ക് 70 ശതമാനവും വെയിറ്റേജ് നൽകി. ഉയർന്ന മാർക്ക് നേടിയ 0.1 ശതമാനം വിദ്യാർത്ഥികൾക്ക് മെറിറ്റ് സർട്ടിഫിക്കറ്റ് നൽകുമെങ്കിലും മെറിറ്റ് ലിസ്റ്റ് പ്രഖ്യാപിക്കില്ലെന്ന് ബോര്‍ഡ് നേരത്തെ വ്യക്തമാക്കിയിരുന്നു. വിദ്യാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റായ cbseresults.nic.in, results.cbse.nic.in എന്നിവയിൽ ഫലം അറിയാനാകും.
സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷാഫലവും ഇന്ന് ഉച്ചയോടെ അറിയുമെന്നാണ് സൂചന. ഫലം വൈകുന്നതിൽ ആശങ്കയിലാണ് വിദ്യാർഥികളും രക്ഷിതാക്കളും. പ്ലസ് വൺ പ്രവേശനത്തിൽ കോടതിയുടെ ഇടപെടലിൽ നീതി ലഭ്യമാകുമെന്ന പ്രതീക്ഷയിലാണ് വിദ്യാർഥികൾ.