സോളാര്‍ പീഡനക്കേസിൽ ഹൈബി ഈഡനെതിരായ സിബിഐ അവസാനിപ്പിക്കുന്നു. ഹൈബി ഈഡനെതിരെ തെളിവുകൾ ഇല്ലെന്ന് കാണിച്ച് സിബിഐ കോടതിയില്‍ റിപ്പോര്‍ട്ട് നല്കി. ആവശ്യമായ തെളിവ് നല്കാന് പരാതിക്കാരിക്ക് സാധിച്ചില്ലെന്നും അന്വേഷണം നടത്തി തെളിവുകള്‍ കണ്ടെത്താന്‍ സാധിച്ചില്ലെന്നും സിബിഐ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. മറ്റ് കേസുകളില്‍ അന്വേഷണം തുടരുന്നതായും സിബിഐ കോടതിയെ അറിയിച്ചിട്ടുണ്ട്. തിരുവനന്തപുരം സിബിഐ കോടതി മുമ്പാകെ തിരുവനന്തപുരം സിബിഐ യൂണിറ്റ് സമർപ്പിച്ച റിപ്പോര്‍ട്ടിലാണ് വിവരം.
ഹൈബി ഈഡന് എംഎല്‍എ ആയിരുന്ന കാലത്ത് സോളാര്‍ പദ്ധതിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനിടെ എംഎല്‍എ ഹോസ്റ്റലില്‍ വച്ച് പീഡിപ്പിച്ചെന്നായിരുന്നു സോളാര്‍ കേസ് പ്രതി നൽകിയ പരാതി. കഴിഞ്ഞ തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് സര്‍ക്കാര്‍ കേസ് അന്വേഷണം സിബിഐക്ക് കൈമാറിയിരുന്നു. ആദ്യം കേസ് അന്വേഷിച്ച പൊലീസ് സംഘത്തിനും തെളിവുകള്‍ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല.
എംഎല്‍എ ഹോസ്റ്റലിലുള്‍പ്പെടെ സിബിഐ സംഘമെത്തി തെരച്ചില്‍ നടത്തുകയും പരാതിക്കാരിയുടെ ഉള്‍പ്പെടെ മൊഴി വിശദമായി പരിശോധിക്കുകയും ചെയ്തിരുന്നു. തെളിവില്ലാതെ പരാതിക്കാരിയുടെ മൊഴി മാത്രം അടിസ്ഥാനമാക്കി ഹൈബി ഈഡനെതിരെ കേസെടുക്കാന്‍ സാധിക്കില്ലെന്നാണ് സിബിഐ നിഗമനം. പരാതിക്കാരിയുടെ മൊഴിയിൽ വൈരുധ്യങ്ങളുണ്ടെന്നും സിബിഐ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.