ഇൻഡിഗോ വിമാനത്തിലെ പ്രതിഷേധത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ എൽഡിഎഫ് കൺവീനർ ഇ പി ജയരാജനെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയുടേതാണ് ഉത്തരവ്. മുഖ്യമന്ത്രിയുടെ ഗൺമാനെയും പഴ്സണൽ സ്റ്റാഫിനെയും പ്രതിചേർക്കണമെന്നും വലിയതുറ പൊലീസിന് കോടതി നിർദേശം നൽകി. വിമാനത്തിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ഫർസീൻ മജീദും ആർ കെ നവീൻ കുമാറും സമർപ്പിച്ച ഹർജിയിലാണ് ഉത്തരവ്. വിമാനത്തിലുണ്ടായ സംഘർഷത്തിൽ ഇൻഡിഗോ എയർലൈൻസ് ഇ പി ജയരാജന് മൂന്നാഴ്ചത്തെ വിലക്കും യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് രണ്ടാഴ്ചത്തെ വിലക്കും ഏർപ്പെടുത്തിയിരുന്നു.
വിമാനത്തിൽ പ്രതിഷേധക്കാരെ പിടിച്ചുതള്ളിയ കേസിൽ അന്വേഷത്തോട് പൂർണമായും സഹകരിക്കുമെന്ന് ഇ പി ജയരാജൻ മാധ്യമങ്ങളോട് പറഞ്ഞു. കേസിൽ തനിക്ക് തിരിച്ചടിയില്ലെന്നും അത് മാധ്യമ വ്യാഖ്യാനമാണെന്നും ഇ പി ജയരാജൻ വ്യക്തമാക്കി.