എണ്ണ ഇതര മേഖലയുടെ വളർച്ചയ്ക്കൊപ്പം 2023-ൽ ജിസിസി സമ്പത് വ്യവസ്ഥയിലം വളർച്ചയുണ്ടാകുമെന്ന് റിപ്പോർട്ടുകൾ. സൗദി അറേബ്യയുടെയും യുഎഇയുടെയും സമ്പദ്‌വ്യവസ്ഥ യഥാക്രമം 2.2 ശതമാനവും 2.8 ശതമാനവും വളരുമെന്ന് ലോക ബാങ്കിൻ്റെ നിഗമനം. ജിസിസിയിലെ സമ്പദ്‌വ്യവസ്ഥകൾ ഈ വർഷവും വളർച്ചാ വേഗത നിലനിർത്താൻ സജ്ജമാണെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
കുറഞ്ഞ വേഗത്തിലാണെങ്കിലും ജിസിസി രാജ്യങ്ങളിലെ എണ്ണ ഇതര സമ്പദ്‌വ്യവസ്ഥയും മികച്ച വരുമാനമാണ് പ്രതീക്ഷിക്കുന്നത്. 2023-ൽ ഈ മേഖല 2.5 ശതമാനം വളർച്ച കൈവരിക്കുമെന്നും 2024 ൽ 3.2 ശതമാനമായി ഉയരുമെന്നും ലോകബാങ്ക് ബുധനാഴ്ച പുറത്തിറക്കിയ ഗൾഫ് ഇക്കണോമിക് അപ്‌ഡേറ്റ് റിപ്പോർട്ടിൽ പറഞ്ഞു .
അറബ് ലോകത്തെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥയായ സൗദി അറേബ്യ വിഷൻ 2030 അജണ്ടയ്ക്ക് കീഴിലുള്ള ഒരു വലിയ സാമ്പത്തിക വൈവിധ്യ വൽക്കരണ ഡ്രൈവിൻ്റെ മധ്യത്തിലാണ്. എണ്ണ ഇടപാടുകൾക്ക് അപ്പുറം മറ്റ് ഉയർന്ന വളർച്ചാ നിരക്കുളള വ്യവസായങ്ങളിലേക്ക് മാറുന്നതിനൊപ്പം കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന പദ്ധതികളും നടപ്പാക്കാനൊരുങ്ങുകയാണ് സൌദി. കൂടുതൽ സ്വകാര്യ നിക്ഷേപം ആകർഷിക്കുക പദ്ധതികളും നടപ്പാക്കും.
ഗവൺമെൻ്റ് സംരംഭങ്ങൾ, ഉയർന്ന എണ്ണവില, രാജ്യത്തെ പ്രോപ്പർട്ടി മേഖലയിലെ ശക്തമായ പ്രകടനം, യാത്രയിലും വിനോദസഞ്ചാരത്തിലും ഉണ്ടായ തിരിച്ചുവരവ് എന്നിവ യുഎഇയുടെ സമ്പദ്‌വ്യവസ്ഥയെ ശക്തമായി നിലനിർത്തുമന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു. 11 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന വളർച്ചയാണ് യുഎഇ സമ്പദ്‌വ്യവസ്ഥ രേഖപ്പെടുത്തുന്നത്. ഈ വർഷം 3.9 ശതമാനവും 2024 ൽ 4.3 ശതമാനവും വികസിക്കുമെന്നാണ് യുഎഇ സെൻട്രൽ ബാങ്കിൻ്റേയും പ്രതീക്ഷ. ലോകബാങ്കിന്റെ കണക്കനുസരിച്ച് 2023-ൽ യുഎഇയുടെ സമ്പദ്‌വ്യവസ്ഥ 2.8 ശതമാനം വളർച്ച കൈവരിക്കുമെന്നാണ് കണക്കുകൂട്ടൽ.
കുവൈത്തിന്റെ സമ്പദ്‌വ്യവസ്ഥ 2023-ൽ 1.3 ശതമാനം വളർച്ച കൈവരിക്കുമെന്നാണ് പ്രവചനം. സ്വകാര്യ – പൊതു ഉപഭോഗത്തെ അടിസ്ഥാനമാക്കിയുള്ള എണ്ണ ഇതര മേഖലയിലെ വളർച്ചാ പ്രവചനം 4.4 ശതമാനമാണ്. ഖത്തറിൻ്റെ സമ്പദ്‌വ്യവസ്ഥ 3.3 ശതമാനം വളർച്ച കൈവരിക്കുമെന്നും സ്വകാര്യ-പൊതു ഉപഭോഗത്തിൻ്റെ പിൻബലത്തിൽ എണ്ണ ഇതര സമ്പദ്‌വ്യവസ്ഥ 4.3 ശതമാനം വികസിക്കുമെന്നും ലോക ബാങ്ക് അറിയിച്ചു.
അതേസമയം ഒമാൻ്റെ ജിഡിപി 2023ൽ 1.5 ശതമാനം വികസിക്കുമെന്ന് പ്രതീക്ഷ. എണ്ണ ഇതര സാമ്പത്തിക വളർച്ച 3.1 ശതമാനമാകും. അടിസ്ഥാന സൗകര്യ പദ്ധതികളും ടൂറിസം മേഖലയുമാണ് ശക്തി പകരുകയെന്നും റിപ്പോർട്ടിൽ പറയുന്നു. രാജ്യത്ത് സാമ്പത്തിക ക്രമീകരണങ്ങൾ തുടരുന്നതിനാൽ 2024-2025 കാലയളവിൽ ബഹ്‌റൈൻ്റെ സമ്പദ്‌വ്യവസ്ഥ 2023-ൽ 2.7 ശതമാനം വളർച്ച നേടുമെന്ന് കരുതുന്നത്. ടൂറിസം, സേവന മേഖലകളിലെ വീണ്ടെടുപ്പും അടിസ്ഥാന സൗകര്യ പദ്ധതികളുടെ തുടർച്ചയും മൂലം ഹൈഡ്രോകാർബൺ ഇതര മേഖലകൾ 3.5 ശതമാനം വികസിക്കുന്നത് തുടരും.
മറ്റ് ഉയർന്ന വരുമാനമുള്ള രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ജിസിസി രാജ്യങ്ങളിലെ പണപ്പെരുപ്പം താരതമ്യേന നിശ്ശബ്ദമായി തുടരുന്നുവെന്നാണ് ലോക ബാങ്ക് വിലയിരുത്തൽ.