വർഷാവസാനത്തോടെ ദക്ഷിണ കൊറിയ, തായ്‌ലൻഡ്, ചിലി,കോസ്റ്റാറിക്ക, കൊളംബിയ, ഉക്രെയ്ൻ എന്നിവരുമായി യുഎഇ പുതിയ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറുകൾക്ക് (സിഇപിഎ) അന്തിമരൂപം നൽകുമെന്ന് വിദേശ വ്യാപാര സഹമന്ത്രി ഡോ.താനി ബിൻ അഹമ്മദ് അൽ സെയൂദി അറിയിച്ചു. ആറ് പുതിയ സിഇപിഎകളുടെ ഒപ്പിടൽ പൂർത്തിയാക്കുമെന്നാണ് പ്രതീക്ഷ. ജോർജിയയുമായുള്ള സമഗ്ര പങ്കാളിത്ത കരാർ ഒപ്പിടൽ പ്രക്രിയയുടെ ഭാഗമായുളള വാർത്താ സമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
ഇന്ത്യ ഉൾപ്പെടെ ആറ് രാജ്യങ്ങളമുമായി ഇതിനകം യുഎഇ കരാറിൽ ഏർപ്പെട്ടുകഴിഞ്ഞു. അതേസമയം ജോർജിയയ്ക്ക് തന്ത്രപ്രധാനമായ ഒരു സ്ഥാനമുണ്ടെന്നും കഴിഞ്ഞ മൂന്ന് വർഷങ്ങളിൽ ശക്തമായ വളർച്ചാ നിരക്ക് 2022ൽ 10 ശതമാനത്തിലെത്തിയിട്ടുണ്ടെന്നും ഡോ.താനി ബിൻ അഹമ്മദ് അഭിപ്രായപ്പെട്ടു. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരത്തിലെ ഗണ്യമായ വളർച്ചയുണ്ടായതായുംഅദ്ദേഹം ചൂണ്ടിക്കാട്ടി.
കഴിഞ്ഞ വർഷം ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരം 115% . വളർച്ച കൈവരിച്ച് 481 മില്യൺ ഡോളറിൽ എത്തിയിരുന്നു.ഈ വർഷം ആദ്യ പകുതിയിൽ വ്യാപാരം 28% വർധിച്ചു. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ വ്യാപാരം 1.5 ബില്യൺ ഡോളറിലെത്തുമെന്നാണ് നിഗമനം.മൊത്തം വിദേശ നിക്ഷേപത്തിന്റെ 5% വിഹിതവുമായി എമിറേറ്റ്‌സിനെ ജോർജിയയിലെ ആറാമത്തെ വലിയ നിക്ഷേപകരാക്കിമാറ്റാനും കരാർ ഉപകരിക്കും.