ആഗോള വിപണിയിലെ സാമ്പത്തിക ചാഞ്ചാട്ടങ്ങൾ ഇന്ത്യന്‍ രൂപയെ സാരമായി ബാധിച്ചു. മൂല്യത്തകര്‍ച്ച നേരിട്ടതോടെ ഇന്ത്യന്‍ രൂപ യുഎഇ ദിര്‍ഹത്തിനെതിരേയും ഖത്തര്‍ റിയാലിനെതിരേയും 22 കടന്നു. ഗൾഫ് കറന്‍സികൾക്ക് മൂല്യം ഉയര്‍ന്നതോടെ നാട്ടിലേക്ക് പണം അയക്കുന്ന പ്രവാസികളുടെ എണ്ണം വര്‍ദ്ധിച്ചു.
ഒരു യുഎഇ ദിര്‍ഹത്തിന് 22.03 രൂപ വരെ വ്യാഴാഴ്ച ലഭിച്ചു. ഖത്തര്‍ റിയാലിന് 22.20 രൂപവരെ ലഭ്യമായി. ഇതര അറബ് രാജ്യങ്ങളിലും വിനിമയ നിരക്ക് വര്‍ദ്ധിച്ചിട്ടുണ്ട്. സൗദി റിയാൽ 21.48 രൂപ, ഖത്തർ റിയാൽ 22.20 രൂപ, റിയാൽ 210.23 രൂപ, ബഹ്റൈൻ ദിനാർ 214.39 രൂപ, കുവൈത്ത് ദിനാർ 261.32 രൂപ എന്നിങ്ങനെയാണ് മാറ്റം.
ഒരു ഡോളറിന് 80.82 രൂപ എന്ന നിലയിലേക്ക് ഇടിഞ്ഞതാണ് ചാഞ്ചാട്ടത്തന് കാരണം. യുഎസ് ഫെഡറല്‍ റിസേര്‍വ്വ് മുക്കാല്‍ ശതമാനം പലിശ നിരക്ക് ഉയര്‍ത്തിയത് ആഗോള ധനവിനിമയത്തെ ബാധിച്ചു. കഴിഞ്ഞ ഓഗസ്റ്റിൽ ഡോളറിന് 80.11 രൂപ എത്തിയതാണ് മുന്‍കാല റെക്കോര്‍ഡ്. അധികം വൈകാതെ ഡോളര്‍ 82 രൂപ കടക്കുമെന്നും സൂചനകളുണ്ട്.
എണ്ണ വില ഉയരുന്നതും ആഗോള പണപ്പെരുപ്പവും ലോകത്തെ സാമ്പത്തിക മാന്ദ്യത്തിലേക്ക് നയിക്കുമെന്ന മുന്നറിയിപ്പുകൾ സാമ്പത്തിക വിദഗ്ദ്ധര്‍ നല്‍കിയിരുന്നു. യുഎസ് ഫെഡറല്‍ റിസേര്‍വ്വ് നല്‍കുന്ന സൂചനകളും സാമ്പത്തിക മാന്ദ്യത്തിന്‍റേതാണ്. പണപ്പരുപ്പം നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായി ബാങ്കുകൾ നിക്ഷേപങ്ങൾക്ക് പലിശ ഉയര്‍ത്തുകയും ചെയ്തിട്ടുണ്ട്. സമാന്തരമായി വായ്പകൾക്കും പലിശ ഉയരും.
അതേസമയം മാസാവസാനമായതോടെ തുച്ഛ ശമ്പളക്കാരായ പ്രവാസികൾക്ക് നേട്ടം കൊയ്യാനായില്ല. വിപണിയിലെ ചാഞ്ചാട്ടം ഒരാഴ്ച നീളുകയാണെങ്കില്‍ കൂടുതല്‍ നാട്ടിലേക്ക് പണം അയക്കുന്നവരുടെ എണ്ണം അധികമാകുമെന്നാണ് വിലയിരുത്തല്‍.