ഇന്ത്യൻ രൂപയുടെ മൂല്യത്തകര്‍ച്ചയിൽ
ദിര്‍ഹവും റിയാലും റെക്കോര്‍ഡ് നിരക്കിലെത്തി. ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവ് രൂപയ്ക്ക് സംഭവിച്ചപ്പോൾ മണി എക്സ്ചേഞ്ചുകളിൽ നാട്ടിലേക്ക് പണം അയക്കാൻ തിരക്കേറി. ഒരു ബഹ്റൈൻ ദിനാറിന് 204 രൂപയിലേക്ക് ഇന്ത്യൻ രൂപയുടെ മൂല്യമെത്തി. ഇന്നലെ ഡോളറിനെതിരെ 77.46 എന്ന നിലയിലാണ് രൂപ നിരക്ക് ക്ലോസ് ചെയ്തത്. 55 പൈസയുടെ ഇടിവ് ഒറ്റ ദിവസം കൊണ്ട് ഉണ്ടായി.
പ്രവാസികൾക്ക് പെരുന്നാൾ അവധിക്ക് ശേഷം ശമ്പളം കിട്ടി തുടങ്ങിയത് കൊണ്ട് നാട്ടിലേക്ക് പണം അയക്കാൻ മണി എക്സ്ചേഞ്ചുകളിൽ തിരക്കായിരുന്നു. ലോൺ അടവ് നാട്ടിൽ ഉള്ളവർക്കാണ് വിനിമയമൂല്യത്തിലെ മാറ്റം ഉപകാരപ്പെടുക. രാജ്യാന്തര വിപണിയിൽ ഒരു സൗദി റിയാലിന് 20.64 രൂപയാണ് ഓൺലൈൻ നിരക്ക്. എക്സ്ചേഞ്ചുകളിൽ സൗദി റിയാലിന് 20.47 വരെ ഉണ്ട്. യുഎഇ ദിര്‍ഹത്തിനും ഖത്തര്‍ റിയാലിനും 21 കടന്ന് റെക്കോര്‍ഡ് വർധനവ് രേഖപ്പെടുത്തി. ദിര്‍ഹം 21.09 , ഖത്തര്‍ റിയാല്‍ 21.26 എന്നിങ്ങനെയാണ് നിരക്ക്.
കുവൈറ്റ് ദിനാറിന് 252.10 ആണ് ഇന്നത്തെ മൂല്യം. 47.45 യുഎഇ ദിര്‍ഹം കൊടുത്താല്‍ ആയിരം രൂപയാകും.
അന്താരാഷ്ട്രതലത്തിൽ യുഎസ് ഡോളർ മൂല്യം ഉയർന്നതും യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്ക് ഉയർത്തിയതുമാണ് രൂപയുടെ തകർച്ചയുടെ മൂലകാരണം. ഇന്ത്യൻ ഓഹരി വിപണിയിൽ ഉണ്ടായ തകർച്ചയും രൂപയുടെ മൂല്യം അപ്പാടെ ഇടിയാനിടയാക്കി. ഉക്രൈൻ-റഷ്യ യുദ്ധവും ചൈനയിലെ ലോക്ഡൗണും വിപണിയിൽ വിള്ളൽ വീഴ്ത്തി. റിസർവ് ബാങ്ക് അടിയന്തരമായി ഇടപെട്ടില്ലെങ്കിൽ രൂപയുടെ മൂല്യം ഇനിയും ഇടിയുമെന്നാണ് റിപ്പോർട്ടുകൾ.