സോളാർ പ്ലാൻ്റുകൾ ഉൾപ്പെടെയുള്ള പുനരുപയോഗ ഊർജ പദ്ധതികൾ ജിസിസി രാജ്യങ്ങളുടെ മൂലധന വിപണിക്ക് കരുത്താകുമെന്ന് എസ് & പി ഗ്ലോബൽ റേറ്റിംഗ്സ്. ഇതിന് അനുകൂലമായി അറബ് ലോകത്തെ ഏറ്റവും വലിയ രണ്ട് സമ്പദ്‌വ്യവസ്ഥകളായ യുഎഇയും സൗദി അറേബ്യയും പൊതു-സ്വകാര്യ പങ്കാളിത്ത ചട്ടക്കൂടുകൾ ഇതിനകം സ്ഥാപിച്ചിട്ടുണ്ടെന്നും റേറ്റിംഗ് ഏജൻസിയുടെ റിപ്പോർട്ടിൽ പറയുന്നു.
പുനരുപയോഗ ഊർജ പദ്ധതികൾക്ക് ഊന്നൽ നൽകിയാണ് സൗദി അറേബ്യയിലെയും യുഎഇയിലെയും സർക്കാരുകരുകളുടെ നീക്കം.കാലാവസ്ഥാ സംരക്ഷണവും കാർബൺ ബഹിർഗമനവും പ്രാധാന്യത്തോടെയാണ് രാജ്യങ്ങൾ വീക്ഷിക്കുന്നതെന്നും എസ് എസ് & പി ഗ്ലോബൽ സൂചിപ്പിച്ചു.
കാലാവസ്ഥയുമായി ബന്ധപ്പെട്ട പദ്ധതികൾക്ക് ധനസഹായം നൽകുന്നതിനുള്ള ഗ്രീൻ ബോണ്ടുകളുടെ ഇഷ്യു 2020 അവസാനം വരെയുള്ള അഞ്ച് വർഷ കാലയളവിൽ മിഡിൽ ഈസ്റ്റിൽ 38 ശതമാനം വർദ്ധിച്ചെന്ന് ബോസ്റ്റൺ കൺസൾട്ടിംഗ് ഗ്രൂപ്പ് റിപ്പോർട്ടും സൂചിപ്പിക്കുന്നു.നാല് വർഷം മുമ്പ് 13 ശതമാനം മാത്രമാരുന്നു ഇത്.അതേസമയം 2020 ൽ ഗ്രീൻ ബോണ്ട് ഇഷ്യൂവിൻ്റെ 97 ശതമാനവും മിഡിൽ ഈസ്റ്റ് സർക്കാരുകളുടെ സംഭാവനയായിരുന്നു.
2021-ൽ 3.65 ട്രില്യൺ ഡോളർ മൂല്യമുണ്ടായിരുന്ന ആഗോള സുസ്ഥിര ധനകാര്യ വിപണി ഹരിത ഊജർജ്ജ പദ്ധതികളുടെ സഹായത്തോടെ വളരുകയാണെന്നും പഠന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 2031ഓടെ ധനകാര്യ വിപണിയിൽ 20 ശതമാനം അധിക വളർച്ചയുണ്ടാകുമെന്നാണ് വിദഗ്ദ്ധരുടെ നിഗമനം. ജിസിസിയിൽ നിന്നുള്ള ഗ്രീൻ ബോണ്ടും സുകുക്കും 2022-ൽ 15 ഡീലുകളിൽ നിന്ന് 8.5 ബില്യൺ ഡോളറിലെത്തിയെന്നാണ് കണക്ക്.