2023ലെ ലോകസമ്പന്നരുടെ പട്ടികയുമായി ഫോബ്‌സ്. പുതിയ പട്ടികയില്‍ ലുലു ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസുഫലി ഏറ്റവും സമ്പന്നനായ മലയാളിയായി സ്ഥാനം നിലനിർത്തി. ലോകത്താകെയുള്ള 2648 ശതകോടീശ്വരന്മാരില്‍ 497ആം സ്ഥാനവും യൂസൂഫലിയ്ക്കാണ്.ബുർജീൽ ഹോൾഡിങ്‌സ് സ്ഥാപകനും 2.2 ബില്യൺ സമ്പത്തുമുള്ള ഡോ. ഷംഷീര്‍ വയലില്‍ ഏറ്റവും സമ്പന്നനായ യുവ മലയാളിയാണെന്നും പട്ടിക വ്യക്തമാക്കുന്നു.
ഇൻഫോസിസ് സഹ സ്ഥാപകൻ ക്രിസ് ഗോപാലകൃഷ്ണനും ആർപി ഗ്രൂപ്പ് സ്ഥാപകൻ രവി പിള്ളയും ജെംസ് എഡ്യൂക്കേഷൻ മേധാവി സണ്ണി വര്‍ക്കിയുമടക്കം പട്ടികയില്‍ ഒമ്പത് മലയാളികളാണ് ഇടം നേടിയിട്ടുള്ളത്. ജോയ് ആലുക്കാസ് ഗ്രൂപ്പ് ഉടമ ജോയ് ആലുക്കാസ് , ബൈജൂസ് സ്ഥാപകൻ ബൈജു രവീന്ദ്രൻ, ഇന്‍ഫോസിസ് സഹസ്ഥാപകനായ എസ്.ഡി ഷിബുലാല്‍, വി ഗാര്‍ഡ് ഗ്രൂപ്പ് സ്ഥാപകന്‍ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി എന്നിവരും മലയാളി പട്ടികയിലുണ്ട്.
169 ഇന്ത്യക്കാരാണ് ശതകോടീശ്വര പട്ടികയില്‍ ഇടം നേടിയത്. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി (183.4ബില്യണ്‍), അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി (47.2ബില്യണ്‍) എച്ച്‌സിഎല്‍ സഹസ്ഥാപകന്‍ ശിവ് നാടാര്‍ (25.6ബില്യണ്‍) എന്നിവരാണ് ആദ്യ മൂന്നു സ്ഥാനങ്ങളിലുളള ഇന്ത്യക്കാർ. ലോകറാങ്കിംഗിൽ മുകേഷ് അംബാൻ ഒന്‍പതാമതുണ്ട്.
211 ബില്യണ്‍ ആസ്തിയുള്ള ലൂയി വിറ്റന്‍ ഉടമ ബെര്‍ണാഡ് അര്‍നോള്‍ട്‌സാണ് ലോക സമ്പന്നന്‍. സെഫോറ ഫാഷന്‍ ആഡംബര ബ്രാന്‍ഡുകളുടെ ഉടമയാണ് ബെര്‍ണാഡ് അര്‍നോള്‍ഡ്. ടെസ്ല, സ്പേസ് എക്‌സ്, സഹസ്ഥാപകനായ ഇലോണ്‍ മസ്‌ക് 180 ബില്യണുമായി രണ്ടാം സ്ഥാനത്തുണ്ട്. ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസ് 114 ബില്യണുമായി മൂന്നാം സ്ഥാനത്താണ്.
ലോകത്തെ പകുതിയോളം കോടീശ്വരന്മാരുടെ സമ്പത്തില്‍ ഒരുവർഷംകൊണ്ട് വൻ ഇടിവ് വന്നെന്നാണ് ഫോബ്സിൻ്റെ വിലയിരുത്തല്‍. പഴയ പട്ടികയിലെ 254 പേര്‍ പട്ടികയില്‍ നിന്ന് പുറത്തായപ്പോള്‍ 150 സമ്പന്നര്‍ പുതിയ പട്ടികയില്‍ ആദ്യമായി ഇടം നേടിയിട്ടുണ്ട്.