യുഎഇയിലെ കടുത്ത വേനലിൽ താപനില ഉയർന്നതോടെ യാത്രക്കാർക്ക് സൌജന്യ ഐസ്ക്രീം വിതരണം ചെയ്യുമെന്ന് എമിറേറ്റ്സ് എയർലൈൻസ്. ചൂടിൽ അൽപ്പം ആശ്വാസവും യാത്രക്കാർക്ക് ഉൻമേഷവും പകരുക എന്ന ലക്ഷ്യത്തോടെയാണ് എമിറേറ്റ്സ് എയർലൈൻസിൻ്റെ നീക്കം.
ദുബായ് ഇൻ്റർനാഷണൽ എയർപോർട്ടിലെ മൂന്നാം ടെർമിനലിൽ വെള്ളിയാഴ്ച മുതൽ ഞായറാഴ്ച വരെയുള്ള ദിവസങ്ങളിലാണ് സൌജന്യ ഐസ്ക്രീം വിതരണം. ഉച്ച മുതൽ വൈകീട്ട് ആറ് വരെ സൌജന്യ ഐസ്ക്രീം ലഭ്യമാകും. ജൂലൈ 28 വരെ വാരാന്ത്യങ്ങളിൽ ഐസ്ക്രീം വിതരണമുണ്ടാകും. ചോക്കലേറ്റ്, ഡൾസെ ഡി ലെച്ചെ, മാമ്പഴം, നാരങ്ങ സർബറ്റ് എന്നിവയുൾപ്പെടെയുള്ള വിവിധ ഫ്ലേവറുകളിൽ ഐസ്ക്രീമാണ് തയ്യാറാക്കിയിരിക്കുന്നത്.
ഐസ്ക്രീംമിന് പുറമെ എമിറേറ്റ്‌സിൽ മറ്റ് സൗജന്യ ഇനങ്ങളും സൌകര്യങ്ങളും യാത്രക്കാർക്ക് ലഭ്യമാകും.കഴിഞ്ഞ വർഷം ഇക്കണോമി ക്ലാസിൽ 36 ദശലക്ഷത്തിലധികം സൗജന്യ ചോക്ലേറ്റുകൾ ഉപയോഗിച്ചതായി എയർലൈൻ വെളിപ്പെടുത്തി. പുതുതായി ആരംഭിച്ച പ്രീമിയം ഇക്കണോമി ക്ലാസിൽ 322,000 ചോക്ലേറ്റുകളും ബിസിനസ് ക്ലാസിൽ 8.2 ദശലക്ഷം ചോക്ലേറ്റുകളും വിതരണം ചെയ്തെന്നാണ് കണക്ക്.
വേനൽ കടുത്തതോടെ ദുബായ് മെട്രോയും തെരഞ്ഞെടുത്ത സ്‌റ്റേഷനുകളിൽ സൗജന്യ ഐസ്ക്രീം വിതരണം ചെയ്‌തിരുന്നു.