ഇന്ത്യൻ കറൻസി രൂപയുടെ മൂല്യം എക്കാലത്തെയും താഴ്ന്ന നിലവാരത്തിലേയ്ക്ക് ഇടിയുന്നു. ഡോളറിനെതിരെ 77.40 രൂപ എന്ന നിലയിലാണ് ഇന്ന് രാവിലെ വ്യാപാരം നടന്നിരിക്കുന്നത്. ഒരു ഡോളറിന് 77.40 രൂപ. വെള്ളിയാഴ്ച 77.05
നിലവാരത്തിലായിരുന്നു ക്ലോസ് ചെയ്തത്. ഇന്ന് വീണ്ടും വ്യാപാരം ആരംഭിച്ചതോടെ 77.42 ആയി. സുരക്ഷിത കറൻസിയായ ഡോളറിലേയ്ക്ക് നിക്ഷേപകർ ആകർഷിക്കപ്പെട്ടത് രൂപയ്ക്ക് തിരിച്ചടിയായി.
ചൈനയിലെ ലോക്ഡൗൺ, റഷ്യ യുക്രൈൻ യുദ്ധവുമെല്ലാം രൂപയിൽ ആഘാതം ഏല്പിച്ചു. റഷ്യ യുക്രൈൻ യുദ്ധം തുടങ്ങിയതിനുശേഷം വിതരണ ശൃംഖലയിലെ തടസ്സങ്ങളെതുടർന്ന് ആഗോളതലത്തിൽ പണപ്പെരുപ്പ നിരക്കുകൾ വർധിച്ചത് സാമ്പത്തിക മാന്ദ്യത്തിലേയ്ക്ക് നയിച്ചേക്കാമെന്ന വിപണിയിലെ ഭയവും തിരിച്ചടിയായി.
യുഎസ് കേന്ദ്ര ബാങ്ക് ഫെഡറൽ റിസർവ് നിരക്കിൽ അരശതമാനം വർധന വരുത്തിയതോടെ തുടർച്ചയായി അഞ്ചാമത്തെ ആഴ്ചയും ഡോളറിന് പ്രചാരം കൂടി. നിലവിൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലവാരത്തിലാണ് ഡോളർ.