ആകാശച്ചാട്ടത്തിനിടെ പാരഷൂട്ട് തുറക്കാൻ സാധിക്കാതെ പോയതിനെത്തുടർന്ന് 29 നില കെട്ടിടത്തിൻ്റെ മുകളിൽ നിന്ന് ചാടിയ യുവാവിന് ദാരുണാന്ത്യം. പ്രശസ്തനായ ബ്രിട്ടിഷ് ബേസ് ജംപറായ 33കാരൻ നാതി ഒഡിൻസൻ ആണ് മരണപ്പെട്ടത്. തായ്ലൻഡിലെ പട്ടായയിലായിരുന്നു സംഭവം.
കാറിൽ കെട്ടിടത്തിന് സമീപത്തെത്തിയ നാതി ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ തൻ്റെ ആകാശച്ചാട്ടം വീഡിയോയിൽ പകർത്താൻ ഏൽപ്പിച്ച ശേഷം കെട്ടിടത്തിന് മുകളിലേയ്ക്ക് പോവുകയായിരുന്നു. തുടർന്ന് കൗണ്ട്ഡൗണിന് പിന്നാലെ ഇയാൾ കെട്ടിടത്തിൽ നിന്ന് എടുത്തുചാടിയെങ്കിലും പാരഷൂട്ട് നിവർത്താനായില്ല. ബഹുനില കെട്ടിടത്തിൻ്റെ മുകളിൽ നിന്ന് ചാടിയ ഒരാൾ മരങ്ങൾക്കിടയിലൂടെ താഴെ വീണതായി അറിയിച്ച് പ്രദേശവാസികളാണ് പൊലീസിനെ വിവിരമറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് നാതിയെ തിരിച്ചറിഞ്ഞത്.
പട്ടായയിൽ ബീച്ചിന് സമീപത്തുള്ള 29 നില കെട്ടിടത്തിന് മുകളിൽ നിന്ന് നിയമവിരുദ്ധമായാണ് ഇയാൾ ആകാശച്ചാട്ടം നടത്തിയതെന്ന് അധികൃതർ വ്യക്തമാക്കി. ഇതിന് ആവശ്യമായ അനുമതി നാതിക്ക് ലഭിച്ചിരുന്നില്ല. ഇദ്ദേഹം ഇതിന് മുൻപും ഇതേ കെട്ടിടത്തിൽ നിന്ന് ആകാശച്ചാട്ടം നടത്തിയിരുന്നതായി കെട്ടിടത്തിലെ സെക്യൂരിറ്റി ഗാർഡ് പറഞ്ഞു. സംഭവത്തേത്തുടർന്ന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.