ബ്രഹ്മപുരം മാലിന്യ പ്ലാന്റിലുണ്ടായ തീ അണക്കുന്നതിന് ചെലവായത് 1.14 കോടി രൂപ. എറണാകുളം കലക്ടറേറ്റിലെ ദുരന്തനിവാരണ വിഭാഗത്തിൽനിന്ന് വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിലാണ് കണക്കുകൾ പുറത്തുവന്നത്.
കൊച്ചി കോർപ്പറേഷന് 90 ലക്ഷം രൂപ ചെലവായപ്പോൾ മെഡിക്കൽ ക്യാമ്പുകൾ ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾക്ക് 24 ലക്ഷം രൂപയും ചെലവായി. മണ്ണുമാന്തി യന്ത്രങ്ങൾ, ഫ്‌ലോട്ടിങ് മെഷീനുകൾ, മോട്ടോർ പമ്ബുകൾ തുടങ്ങിയവ സ്ഥലത്ത് എത്തിക്കുന്നതിനും ഇവ പ്രവർത്തിക്കുന്നതിനുമുള്ള ഇന്ധന ചെലവുകൾ, ഓപറേറ്റർമാർക്കുള്ള കൂലി, മണ്ണ് പരിശോധന, രാത്രികാലങ്ങളിൽ ഉപയോഗിക്കുന്നതിനുള്ള ലൈറ്റുകൾ, താൽക്കാലിക വിശ്രമ കേന്ദ്രങ്ങളുടെ നിർമാണം, ബയോ ടോയ്ലറ്റുകൾ, ഭക്ഷണം തുടങ്ങിയ ചെലവുകൾ വഹിച്ചത് കോർപറേഷനായിരുന്നു. ഇതിനായി 90 ലക്ഷം രൂപയാണ് ചെലവായത്. ഈ തുക അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ല ദുരന്തനിവാരണ വിഭാഗത്തിന് കോർപ്പറേഷൻ കത്ത് നൽകിയിട്ടുണ്ട്.
ജില്ല ഹെൽത്ത് ആൻഡ് ഫാമിലി വെൽഫെയർ സൊസൈറ്റി പ്രോഗ്രാം മാനേജർ 11 ലക്ഷം രൂപയുടെയും ജില്ല മെഡിക്കൽ ഓഫിസർ 13 ലക്ഷം രൂപയുടെയും ബില്ലുകൾ സമർപ്പിച്ചിട്ടുണ്ട്. അഗ്‌നിരക്ഷ ദൗത്യത്തിലേർപ്പെട്ട ഉദ്യോഗസ്ഥർക്കായി കാക്കനാട് തയാറാക്കിയ മെഡിക്കൽ ക്യാമ്പിലേക്ക് വേണ്ട ഉപകരണങ്ങൾ വാങ്ങുന്നതിനും ഡോക്ടർമാരുടെ താമസ സൗകര്യം ഒരുക്കുന്നതിനുമാണ് 11 ലക്ഷം രൂപ ചെലവഴിച്ചത്. ഇതിനു പുറമേ മറ്റ് മെഡിക്കൽ ആവശ്യങ്ങൾക്ക് വേണ്ടി 13 ലക്ഷം രൂപ ചെലവഴിച്ചു. മാർച്ച് രണ്ടിനായിരുന്ന് മാലിന്യ ശേഖരണ പ്ലാന്റിൽ തീപിടിച്ചത്. 110 ഏക്കറോളമുള്ള പ്ലാന്റിന്റെ മിക്കവാറും ഭാഗങ്ങളിലും തീ ആളിപ്പടർന്നിരുന്നു.