അശ്രദ്ധമായി ക്വാഡ് ബൈക്ക് ഓടിച്ചതിനും പ്രധാന പാതയില്‍ ബൈക്ക് അഭ്യാസം നടത്തിയതിനും 21 കാരനായ ഗൾഫ് പൗരൻ അറസ്റ്റിൽ. പ്രതിക്ക് ഡ്രൈവിംഗ് ലൈസൻസ് ഇല്ലെന്നും ദുബായ് പോലീസ് അറിയിച്ചു.
ഓൺലൈനിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ ഇയാൾ അപകടകരമായ സ്റ്റണ്ടുകൾ കാണിക്കുന്നത് വ്യക്തമാണ്. വാഹനത്തിൽ നിന്ന് വീണ ശേഷം സംഭവസ്ഥലത്ത് നിന്ന് ഇയാൾ രക്ഷപ്പെടുകയും ചെയ്തു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പൊലീസ് യുവാവിനെ അറസ്റ്റ് ചെയ്തത്. തുടർ നിയമനടപടികൾക്കായി യുവാവിനെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി.
വീഴ്ചയില്‍ യുവാവിന് പരിക്കുകളും പറ്റിയിട്ടുണ്ട്. അപകടകരമായ രീതിയിൽ വാഹനമോടിക്കുക, അപകടസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടുക തുടങ്ങിയ കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നതെന്ന് ബർ ദുബായ് പോലീസ് സ്റ്റേഷൻ ആക്ടിംഗ് ഡയറക്ടർ കേണൽ റാഷിദ് മുഹമ്മദ് സാലിഹ് അൽ ഷെഹി പറഞ്ഞു. യുവാക്കളെ പ്രതികൂലമായി സ്വാധീനിക്കുന്ന ഇത്തരം വീഡിയോകൾ ഷെയർ ചെയ്യരുതെന്നും അദ്ദേഹം താമസക്കാരോട് അഭ്യർത്ഥിച്ചു.
അശ്രദ്ധമായി വാഹനമോടിക്കുന്നവരോ നിയമലംഘനങ്ങളോ 901 എന്ന നമ്പറിലോ ദുബായ് പോലീസ് ആപ്പിലെ ‘പോലീസ് ഐ’ സേവനം വഴിയോ അറിയിക്കണമെന്നും കേണൽ അൽ ഷെഹി പറഞ്ഞു.