ബാങ്കിങ് മേഖലയിൽ പുതിയ മാറ്റങ്ങൾ നടപ്പിലാക്കാനൊരുങ്ങുന്നു. ബാങ്ക് ഉപഭോക്താക്കൾക്കുള്ള സുപ്രധാന നിർദേശങ്ങളാണ് അധികൃതർ ഇപ്പോൾ നൽകുന്നത്. ഇന്ത്യയിലെ പല പ്രമുഖ ബാങ്കുകളും മേയ് 1 മുതൽ സേവിംഗ്‌സ് അക്കൗണ്ട് ചാർജുകളിലും ക്രെഡിറ്റ് കാർഡ് നിയമങ്ങളിലും മാറ്റങ്ങൾ വരുത്താൻ തീരുമാനിച്ചിരിക്കുകയാണ്. അവ എന്തൊക്കെയാണെന്ന് നോക്കാം.
ഐസിഐസിഐ ബാങ്ക് മേയ് 1 മുതൽ വിവിധ സേവിംഗ്‌സ് അക്കൗണ്ട് ഇടപാടുകൾക്കായി പുതുക്കിയ സേവന നിരക്കുകൾ നടപ്പിലാക്കും. ഈ മാറ്റങ്ങൾ ചെക്ക് ബുക്ക് ഇഷ്യു, IMPS ഇടപാടുകൾ, ക്ലിയറിങ് സേവനങ്ങൾ, ഡെബിറ്റ് റിട്ടേണുകൾ, തുടങ്ങിയ സേവനങ്ങളെ ബാധിക്കും ഡെബിറ്റ് കാർഡ് വാർഷിക ഫീസ് പ്രതിവർഷം 200 രൂപയുമായിരിക്കും. ഗ്രാമീണ മേഖലയിൽ ഇത് പ്രതിവർഷം 99 രൂപയാകും. 1,000 രൂപ വരെ ഓരോ ഇടപാടിനും 2.50 രൂപ, 1,000 മുതൽ 25,000 രൂപ വരെ ഓരോ ഇടപാടിനും 5 രൂപ, 25,000 മുതൽ 5 ലക്ഷം രൂപ വരെ ഓരോ ഇടപാടിനും 15 രൂപ എന്നിങ്ങനെയാണ് പുതുക്കിയ IMPS നിരക്കുകൾ. ആദ്യത്തെ 25 ചെക്ക് ലീഫുകൾ എല്ലാ വർഷവും സൗജന്യമായി നൽകുകയും അതിനുശേഷം ഓരോന്നിനും 4 രൂപ ഈടാക്കുകയും ചെയ്യും.
മേയ് 1 മുതൽ പുതുക്കിയ നിരക്കിൽ സേവിങ്സ് അക്കൗണ്ടുകൾക്കുള്ള ചാർജുകൾ യെസ് ബാങ്ക് ഈടാക്കും. കൂടാതെ ഗ്യാസ്, വൈദ്യുതി, മറ്റ് യൂട്ടിലിറ്റി ബില്ലുകൾ എന്നിവ അടയ്ക്കുന്നതിന് യെസ് ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നതിന് കൂടുതൽ ചെലവേറും. ഒരു സ്റ്റേറ്റ്‌മെന്റ് സൈക്കിളിനുള്ളിലെ എല്ലാ യൂട്ടിലിറ്റി ഇടപാടുകൾക്കും 1 ശതമാനം നിരക്ക് ബാധകമാകും. ഒരു സ്റ്റേറ്റ്‌മെന്റ് സൈക്കിളിൽ 15,000 രൂപയിൽ കൂടുതലുള്ള ബില്ലുകൾ അടയ്ക്കാൻ യെസ് ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുകയാണെങ്കിൽ, ജിഎസ്ടിയും 1 ശതമാനം നികുതിയും ചേർക്കും. എന്നാൽ, യെസ് ബാങ്ക് പ്രൈവറ്റ് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് നടത്തുന്ന പേയ്മെന്റുകൾക്ക് ഈ അധിക ഫീസ് ഈടാക്കില്ല.
യൂട്ടിലിറ്റി ബില്ലുകൾക്കുള്ള മൊത്തം ക്രെഡിറ്റ് കാർഡ് പേയ്മെന്റുകൾ 20,000 രൂപയിൽ കൂടുതലാണെങ്കിൽ ഐഡിഎഫ്സി ഫസ്‌റ്റ് ബാങ്ക് 1 ശതമാനം കൂടുതൽ തുകയും ജിഎസ്ടിയുടെ അധിക ചാർജും ഈടാക്കും. ഒരു സ്റ്റേറ്റ്‌മെന്റ് സൈക്കിളിൽ യൂട്ടിലിറ്റി ബിൽ പേയ്മെന്റുകൾ (ഗ്യാസ്, വൈദ്യുതി, ഇന്റർനെറ്റ് എന്നിവയുൾപ്പെടെ) 20,000 രൂപയോ അതിൽ കുറവോ ആണെങ്കിൽ അധിക നിരക്ക് നൽകേണ്ടതില്ല. അതേസമയം ഇത് 20,000 രൂപയിൽ കൂടുതലാണെങ്കിൽ ഒരു ശതമാനം സർചാർജിനൊപ്പം 18 ശതമാനം ജിഎസ്‌ടിയും അധികമായി നൽകണം.