അഭയ കേസിൽ പ്രതികൾക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി. വിചാരണക്കോടതിയുടെ ശിക്ഷാവിധി മരവിപ്പിച്ചുകൊണ്ടാണ് സിസ്റ്റർ സെഫിക്കും ഫാദർ തോമസ് കോട്ടൂരിനും ഹൈക്കോടതി ജാമ്യം അനുവദിച്ചത്. അഞ്ച് ലക്ഷം രൂപ വീതം ഇരുവരും കെട്ടി വെക്കണം, കേരളം വിടരുത്, ജാമ്യ സമയത്ത് മറ്റ് കുറ്റകൃത്യങ്ങളിൽ പങ്കാളികളാകരുത് എന്നിവയാണ് കോടതിയുടെ ജാമ്യവ്യവസ്ഥകൾ. അപ്പീൽ കാലയളവിൽ ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികളായ സിസ്റ്റർ സെഫി, ഫാദർ തോമസ് കോട്ടൂർ എന്നിവർ ഹർജി സമർപ്പിച്ചിരുന്നു. തിരുവനന്തപുരം സിബിഐ പ്രത്യേക കോടതിയുടെ വിധിക്കെതിരെ സമർപ്പിച്ച അപ്പീലുകളും ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്. ജസ്റ്റിസുമാരായ കെ.വിനോദ് ചന്ദ്രൻ, സി.ജയചന്ദ്രൻ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് ഹർജിയിൽ വിധി പറഞ്ഞത്. കോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ ശിക്ഷാ നടപടികൾ നടപ്പാക്കുന്നതും നിർത്തിവെച്ചിട്ടുണ്ട്.
2021 ഡിസംബർ 23നാണ് അഭയ കേസിൽ പ്രതികൾക്ക് ഇരട്ട ജീവപര്യന്തം തടവ് കോടതി വിധിച്ചത്. 28 വർഷം നീണ്ട നിയമനടപടികൾക്ക് ശേഷമാണ് അഭയ കേസിൽ ഒന്നാം പ്രതി ഫാദർ തോമസ് കോട്ടൂരിനെയും മൂന്നാം പ്രതി സിസ്റ്റർ സ്റ്റെഫിയെയും കൊലക്കുറ്റമടക്കമുള്ള വകുപ്പുകൾ പ്രകാരം കുറ്റക്കാരെന്ന് കണ്ടെത്തി ശിക്ഷ വിധിക്കുന്നത്. 2 സാക്ഷി മൊഴികളുടെ മാത്രം അടിസ്ഥാനത്തിൽ കൊലക്കുറ്റം ചുമത്തിയ നടപടിയെ അപ്പീൽ ഹർജിയിൽ പ്രതികൾ ചോദ്യം ചെയ്തിരുന്നു. കൂടാതെ കേസിലെ സാക്ഷിയായ അടയ്ക്ക രാജു എന്നറിയപ്പെടുന്ന രാജു വർഷങ്ങൾക്ക് ശേഷം നടത്തിയ വെളിപ്പെടുത്തലിന്‍റെ ആധികാരികതയും ഹർജിയിൽ ചോദ്യം ചെയ്തിരുന്നു. ഒപ്പം ഫാദർ തോമസ് കോട്ടൂരിനും സിസ്റ്റർ സെഫിക്കും ജയിൽ വകുപ്പ് പരോൾ അനുവദിച്ചത് വിവാദമാവുകയും ചെയ്തു. ഇതിനെതിരെ ജോമോൻ പുത്തൻപുരയ്ക്കൽ അടക്കമുള്ളവർ ഹൈക്കോടതിയെ സമീപിച്ചിരുന്നു.