അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ നിന്ന് മോഹൻലാൽ ഉൾപ്പെടെയുള്ള അംഗങ്ങൾ രാജിവെച്ചതിനോട് പ്രതികരിച്ച് നടൻ ബൈജു സന്തോഷ്. താൻ ആയിരുന്നെങ്കിൽ രാജി വെക്കില്ലായിരുന്നെന്നും ഇതൊക്കെ ഒരു ശുദ്ധികലശമായി മാത്രം കണ്ടാൽ മതിയെന്നുമാണ് താരം പറഞ്ഞത്. ഇതു കൊണ്ടൊന്നും മലയാള സിനിമ തകരില്ലെന്നും ബൈജു കൂട്ടിച്ചേർത്തു.
“അവർ രാജിവയ്ക്കേണ്ട ആവശ്യം ഇല്ലായിരുന്നു, അതൊരു ഒളിച്ചോട്ടമായി പോയി. ജനാധിപത്യപരമായി തിരഞ്ഞെടുത്തതല്ലേ അവരെ. ഞാൻ ആയിരുന്നു അവരുടെ സ്ഥാനത്തെങ്കിൽ ഒരിക്കലും രാജിവയ്ക്കില്ല. ‘അമ്മ’യ്ക്ക് നാഥൻ ഒക്കെ ഉടൻ വരും. കുറേ കാലം കഴിയുമ്പോൾ എല്ലാ മേഖലയിലും ഒരു ശുദ്ധികലശം വരും. ഇതിനെയും അതുപോലെ കണ്ടാൽ മതി. സിനിമ മേഖലയ്ക്ക് ഒരു പ്രതിസന്ധിയുമുണ്ടാകില്ല, ആരെങ്കിലുമൊക്കെ മുന്നോട്ടുവരും.
ആര് വന്നാലും പ്രശ്‌നമില്ല. പ്രാപ്‌തിയുള്ള ആരെങ്കിലും വന്നാൽ മതി. എല്ലാ കാലവും ഒരാൾ തന്നെ ഒരേ സ്ഥാനത്ത് ഇരിക്കില്ല, അത് മാറിക്കൊണ്ടിരിക്കും. അതിന് യുവതലമുറ തന്നെ വേണമെന്നില്ല“ എന്നാണ് ബൈജു വ്യക്തമാക്കിയത്.