പതഞ്ജലി പരസ്യ വിവാദ കേസിൽ സുപ്രീം കോടതിയിൽ നേരിട്ട് ഹാജരായി ക്ഷമ ചോദിച്ച് ‘പതഞ്ജലി ആയുർവേദ’ സഹസ്ഥാപകൻ ബാബ രാംദേവ്. കമ്പനിയുടെ മാനേജിങ് ഡയറക്ടർ ആചാര്യ ബാലകൃഷ്ണയ്ക്കൊപ്പമാണ് ബാബ രാംദേവ് സുപ്രീം കോടതിയിൽ നേരിട്ട് ഹാജരായത്. അതേസമയം, ഉപാധികളില്ലാതെ മാപ്പപേക്ഷിച്ച് ഇരുവരും നൽകിയ സത്യവാങ്മൂലം അംഗീകരിക്കില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി.
കോടതി വിധി മാനിക്കാതിരുന്നതിനെ തുടർന്ന് ഇവരുവർക്കുമെതിരായ കോടതിയലക്ഷ്യ കേസ് പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി.
കോടതി ഉത്തരവ് പ്രകാരമുള്ള മറുപടികൾ സമർപ്പിച്ചില്ലെന്നും ഉന്നത നീതിപീഠത്തിൻറെ ഉത്തരവുകളെ ലഘുവായി എടുക്കരുതെന്നും കോടതി വ്യക്തമാക്കി. ഹൃദയത്തിൽ നിന്നുള്ള ക്ഷമായാചനയല്ലെന്ന നിരീക്ഷണത്തോടെയാണ്, ഇരുവരും സമർപ്പിച്ച സത്യവാങ്‌മൂലം അംഗീകരിക്കാൻ സുപ്രീം കോടതി വിസമ്മതിച്ചത്.
തെറ്റിദ്ധാരണ ജനിപ്പിക്കുംവിധത്തിൽ പരസ്യം നൽകിയെന്നാണ് പതഞ്ജലിക്കെതിരായ കേസ്. ഇന്ത്യൻ മെഡിക്കൽ അസോസിയേഷനാണ് പരാതി ഉന്നയിച്ചത്. അലോപ്പതി അടക്കമുള്ള ആരോഗ്യ ശാഖകളെ കളിയാക്കുന്നുവെന്നും തെറ്റിദ്ധരിപ്പിച്ച് ഉൽപ്പന്നങ്ങൾ വിൽക്കുന്നുവെന്നുമായിരുന്നു പരാതി. നേരത്തെ കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ഇരുവരും നിരുപാധികം മാപ്പ് അപേക്ഷിച്ചിരുന്നു. അവകാശവാദങ്ങൾ അശ്രദ്ധമായി ഉൾപ്പെട്ടതാണെന്നും തെറ്റായ പരസ്യങ്ങൾ നൽകിയതിൽ ഖേദിക്കുന്നുവെന്നുമായിരുന്നു പതഞ്ജലി സത്യവാങ്മൂലത്തിൽ പറഞ്ഞിരുന്നത് . കോടതി ഉത്തരവിനെ കുറിച്ച് പരസ്യ വിഭാഗത്തിന് അറിയില്ലായിരുന്നുവെന്ന് വാദമുയർത്തിയിരുന്നു.
ഒരു പാരഗ്രാഫിലാണോ കോടതിക്ക് മറുപടി നൽകേണ്ടത് എന്നും, അങ്ങനെ തോന്നിയെങ്കിൽ ക്ഷമ പറയാം എന്നത് എന്ത് പ്രയോഗമാണ്, കോടതിയിൽ ഉറപ്പ് നൽകിയിട്ട് മാധ്യമങ്ങൾക്ക് മുന്നിൽ പ്രസ്താവന നടത്തി, എല്ലാ തലവും ലംഘിച്ചു, കേന്ദ്രം ഇത്രയും കാലം കണ്ണടച്ചത് എന്തു കൊണ്ടെന്ന് മനസിലാകുന്നില്ലെന്നും കോടതി പറഞ്ഞു. കേസ് ഏപ്രിൽ 10ന് വീണ്ടും പരിഗണിക്കും. അതിന് മുമ്പ് എല്ലാ മറുപടികളും സമർപ്പിക്കാൻ കോടതി നിർദേശിച്ചിട്ടുണ്ട്. 10ന് ഇരുവരും കോടതിയിൽ ഹാജരാകണം.