അരവിന്ദ് കെജ്രിവാൾ ഡൽഹി മുഖ്യമന്ത്രി സ്ഥാനത്ത് തുടരുമെന്നും ജയിലിൽ കിടന്നുകൊണ്ട് ചുമതലകൾ നിറവേറ്റുമെന്നും വ്യക്തമാക്കി എഎപി. മദ്യനയ കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് എഎപി നിലപാട് വ്യക്തമാക്കിയത്. അതേസമയം അറസ്റ്റുമായി ബന്ധപ്പെട്ട കെജ്രിവാളിന്റെ ഹർജി ഇന്ന് സുപ്രീം കോടതി പരിഗണിച്ചേക്കും.
ലോക്സഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങൾമാത്രം ബാക്കിനിൽക്കെയാണ് പ്രതിപക്ഷത്തെ പ്രമുഖനേതാവായ ആം ആദ്മി പാർട്ടി കൺവീനറെ ഡൽഹി മദ്യനയക്കേസിൽ ഇന്നലെ രാത്രി 9 മണിയോടെ വീട്ടിൽനിന്ന് അറസ്റ്റുചെയ്തത്. ചോദ്യം ചെയ്യലിനൊടുവിൽ അറസ്റ്റ് രേഖപ്പെടുത്തുകയും 11.30-ഓടെ അദ്ദേഹത്തെ ഇ.ഡി ഓഫീസിലെത്തിക്കുകയുമായിരുന്നു. തുടർന്ന് ഇന്ന് രാവിലെ കെജരിവാളിന്റെ ചോദ്യം ചെയ്യൽ ഇഡി ആരംഭിച്ചു. എൻഫോഴ്സസ്മെന്റ് ഡയറക്ടറേറ്റിൻ്റെ അഡീഷനൽ ഡയറക്ടർ കപിൽ രാജാണ് ചോദ്യം ചെയ്യുന്നത്. പിന്നാലെ രാവിലെ തന്നെ വിചാരണക്കോടതിയിൽ ഹാജരാക്കുകയും ചെയ്യും.
അറസ്റ്റിനെതിരെ ഇന്നലെ രാത്രി തന്നെ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും ഹർജി കോടതി പരിഗണിച്ചില്ല. തുടർന്ന് ഇന്ന് രാവിലെ കേസ് പരിഗണിക്കാമെന്ന് കോടതി അറിയിക്കുകയായിരുന്നു. കേസ് പരിഗണിക്കുമ്പോൾ കെജ്രിവാളിനെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് ഇ.ഡി. റിപ്പോർട്ടും നൽകും. അധികാരത്തിലിരിക്കെ അറസ്റ്റിലാകുന്ന ആദ്യ മുഖ്യമന്ത്രിയാണ് കെജ്രിവാൾ.