ഉത്തരകന്നഡയിലെ ഷിരൂരിലുണ്ടായ മണ്ണിടിച്ചിലിൽ അകപ്പെട്ട അർജുനെ കാണാതായിട്ട് ഇന്ന് ഒൻപതാം നാൾ. അർജുന്റെ ലോറി പുഴയിലെ മൺകൂനയിലുണ്ടെന്ന നിഗമനത്തേത്തുടർന്ന് ഇന്ന് ആധുനിക സംവിധാനങ്ങളോടെ പുഴയിലാണ് തിരച്ചിൽ നടത്തുന്നത്. ഇന്നെങ്കിലും അർജുനെ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിൽ കാത്തിരിക്കുകയാണ് കുടുംബം.
മലയാളിയായ റിട്ട. മേജർ ജനറൽ ഇന്ദ്രബാലൻ്റെ നേതൃത്വത്തിലുള്ള സംഘം ഷിരൂരിലെത്തി. മണ്ണിലും വെള്ളത്തിലും ഒരുപോലെ പരിശോധിക്കാൻ കഴിയുന്ന അത്യാധുനിക ഉപകരണങ്ങളുമായാണ് അദ്ദേഹമെത്തുന്നത്. ഡൽഹിയിൽ നിന്നുള്ള അഞ്ച് സാങ്കേതിക വിദഗ്‌ധരും ഇന്ദ്രബാലനൊപ്പം ചേരും. 20 മീറ്റർ താഴ്‌ചയിൽ വരെയുള്ള വസ്‌തുക്കൾ അതുപയോഗിച്ച് കണ്ടെടുക്കാൻ കഴിയുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഈ ഉപകരണം വഴി പരിശോധിച്ചാൽ ചെളിയിലും പാറയിലുമൊന്നും സിഗ്‌നൽ ലഭിക്കാൻ തടസമുണ്ടാകില്ലെന്നാണ് പ്രത്യേകത.
ഷിരൂരിൽ അപകടം നടന്ന മേഖലയിലെ ഭൂപ്രകൃതി വെല്ലുവിളി നിറഞ്ഞതാണെന്നും ഇങ്ങനെ ഒരു സാഹചര്യത്തിൽ ഡ്രോൺ സംവിധാനങ്ങൾ പ്രയോജനപ്പെടുത്തുന്നതാണ് ഉചിതമെന്നും ഡ്രോൺ ഘടിപ്പിച്ചിട്ടുള്ള സാങ്കേതികവിദ്യയാണ് തങ്ങളുടെ പക്കലുള്ളതെന്നും ഇന്ദ്രബാലൻ പറഞ്ഞു.