അരിക്കൊമ്പൻ ദൗത്യം വിജയത്തിലേക്ക്. നീണ്ട മണിക്കൂറുകൾക്ക് ശേഷം അരിക്കൊമ്പനെ മയക്കുവെടി വെച്ചു. സൂര്യനെല്ലി ഭാഗത്ത് നിന്നും സിമന്റ് പാലത്തിന് സമീപത്തേക്ക് എത്തിയ ഉടനെയായിരുന്നു മയക്കുവെടി വെച്ചത്. സമീപത്തുണ്ടായിരുന്ന ചക്കക്കൊമ്പനെ മാറ്റിയ ശേഷമാണ് ഫൊറൻസിക് സർജൻ അരുൺ സഖറിയ വെടിവെച്ചത്.
11.55 ഓടെയാണ് മയക്കുവെടി വെച്ചത്. വെടിയേറ്റ ആനയെ വനംവകുപ്പ് സംഘം നിരീക്ഷിക്കുകയാണ്. അരമണിക്കൂറോളം കഴിഞ്ഞതിന് ശേഷം മയങ്ങുന്നതായി കാണാത്തതു കൊണ്ട് ബുസ്റ്റർ ഡോസ് കൂടി നൽകുകയായിരുന്നു. ഇനിയുള്ള സമയം നിർണായകമാണ്. ഇന്നലെ നടന്ന ശ്രമം പരാജയപ്പെട്ടതോടെ ഇന്ന് രാവിലെയായിരുന്നു ദൗത്യം പുനരാരംഭിച്ചത്. അരിക്കൊമ്പനെ പ്രദേശത്ത് നിന്നും മാറ്റുന്നതിനുള്ള കുങ്കിയാനകളും വാഹനവും അടക്കം സജ്ജമാണ്. എങ്ങോട്ടാണ് കൊണ്ടുപോകുക എന്ന വിവരം പുറത്തുവിട്ടിട്ടില്ല.
ആനയെ പെരിയാർ ടൈഗർ റിസർവിലേക്കെ് മാറ്റാനാണ് നീക്കമെന്നാണ് സൂചന. പെരിയാർ കടുവ സങ്കേതത്തിലെ മുല്ലക്കുടിക്ക് അടുത്തുള്ള സീനിയർഓട എന്ന ഭാഗത്തേക്കാണ് മാറ്റുക. അതിനിടെ ആനയെ മയക്കുവെടിവെച്ച സാഹചര്യത്തിൽ കരുതിയിരിക്കാൻ ഇടുക്കി എസ്പി പൊലീസ് സേനക്ക് നിർദ്ദേശം നൽകി. ചിന്നക്കനാൽ മുതൽ കുമളി വരെയുള്ള വിവിധ പൊലീസ് സ്റ്റേഷനുകൾക്കാണ് നിർദ്ദേശം നൽകിയത്. ആവശ്യമെങ്കിൽ കൂടുതൽ പൊലീസുകാരെ വിന്യസിക്കും. ആനയെ കൊണ്ടുപോകുന്ന ഇടങ്ങളിൽ നിരോധനാജ്ഞ പ്രഖ്യാപിക്കാനും സാധ്യതയുണ്ട്.