അരിക്കൊമ്പൻ ഇന്നലെ കേരള – തമിഴ്നാട് അതിർത്തിയിൽ എത്തിയതായി ആയിരുന്നു അവസാന റിപ്പോർട്ട്. എന്നാൽ ഇപ്പോൾ അരിക്കൊമ്പനെ കാണാനില്ലെന്ന വിവരമാണ് ലഭിക്കുന്നത്. പെരിയാർ വന്യജീവി സങ്കേതത്തിൽ വനംവകുപ്പ് അധികൃതർ തുറന്നുവിട്ട അരിക്കൊമ്പന്റെ റേഡിയോ കോളർ സിഗ്നൽ നഷ്ടമായി.
ഇന്നലെ ഉച്ചയ്ക്കാണ് അരിക്കൊമ്പന്റെ ശരീരത്തിൽ ഘടിപ്പിച്ചിരിക്കുന്ന റേഡിയോ കോളറിൽ നിന്ന് അവസാനമായി സിഗ്നൽ ലഭിച്ചത്. സാങ്കേതിക പ്രശ്നമാണെന്ന് വിശദീകരിച്ചു രംഗത്ത് എത്തിയിരിക്കുകയാണ് വനം വകുപ്പ്.
തമിഴ്നാട് വനമേഖലയിലെ വണ്ണാത്തിപ്പാറ ഭാഗത്താണ് ഇന്നലെ ഉച്ചയ്ക്ക് അരിക്കൊമ്പൻ ഉണ്ടായിരുന്നത്. മേഘാവൃതമായ കാലാവസ്ഥയും ഇടതൂർന്ന വനവും ആണെങ്കിൽ സിഗ്നൽ ലഭിക്കാൻ കാലതാമസം ഉണ്ടാകും. സാങ്കേതിക പ്രശ്നം പരിഹരിക്കാൻ ഡബ്ല്യുഡബ്ല്യുഎഫിനോട് വനം വകുപ്പ് ആവശ്യപ്പെട്ടു. വിഎച്ച്എഫ് ആന്റിന ഉപയോഗിച്ച് ട്രാക്ക് ചെയ്യാൻ ശ്രമം നടക്കുന്നുണ്ട്. വനം വകുപ്പ് വാച്ചർമാരെ നിരീക്ഷണത്തിന് നിയോഗിച്ചിട്ടുണ്ടെങ്കിലും അരിക്കൊമ്പൻ എവിടെയെന്ന് അവർക്കും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.