ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനായുള്ള തിരച്ചിൽ എട്ടാം ദിനത്തിലേക്ക് കടന്നു. ഇന്ന് രാവിലെയോടെ ഗംഗാവാലി പുഴ കേന്ദ്രീകരിച്ചാണ് തിരച്ചിൽ ആരംഭിച്ചത്. പുഴയിൽ നിന്ന് സിഗ്നൽ കിട്ടിയതോടെയാണ് പുഴ കേന്ദ്രീകരിച്ച് തിരച്ചിൽ നടത്തുന്നത്. അതിനിടെ, സ്ഥലത്തു നിന്ന് ഒരു മൃതദേഹം കൂടി കണ്ടെത്തിയിട്ടുണ്ട്. ഒരു സ്ത്രീയുടെ മൃതദേഹമാണ് കണ്ടെത്തിയത്.
മൺകൂനയ്ക്ക് 40 മീറ്റർ അടുത്തുനിന്നാണ് റഡാർ സിഗ്നൽ ലഭിച്ചത്. പുഴയോരത്തെ മണ്ണ് നീക്കം ചെയ്യാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. പുഴയിലെ അടിയൊഴുക്കും പ്രദേശത്ത് ഇടവിട്ട് പെയ്യുന്ന മഴയും തിരച്ചിലിന് വെല്ലുവിളിയാകുന്നുണ്ട്. അവസാനം സിഗ്നൽ ലഭിച്ചിടത്ത് വിശദമായ പരിശോധന നടത്താനാണ് അധികൃതരുടെ നീക്കം. സിഗ്നൽ ലഭിച്ചിടത്ത് ലോറിയുണ്ടാവാം എന്നാണ് കരുതുന്നത്. എന്നാൽ, മുമ്പ് ലഭിച്ചതുപോലെ മണ്ണിനൊപ്പം തന്നെ ലോഹസാന്നിധ്യം കൂടിയ പാറകളും മണ്ണിനടിയിലുള്ളതിനാൽ ഇപ്പോൾ ലഭിച്ചത് അതിൻ്റെ സിഗ്നലാകാനും സാധ്യതയുണ്ട്.
അർജുനെ കാണാതായ ദിവസം ഈ സ്ഥലത്തോട് ചേർന്ന് ഗംഗാവലിപ്പുഴയിൽ ഉഗ്രസ്ഫോടനവും ഭൂമികുലുക്കവും ഉണ്ടായെന്ന് നാട്ടുകാർ പറഞ്ഞു. അരക്കിലോമീറ്ററോളം വീതിയുള്ള പുഴയുടെ മറുകര മാടങ്കേരി ഉൾവരെ എന്ന ഗ്രാമമാണ്. മത്സ്യത്തൊഴിലാളികളും ഗോത്രവിഭാഗക്കാരുമാണ് ഇവിടെ കൂടുതലുള്ളത്. 6 വീടുകൾ സ്ഫോടനത്തിൽ തകർന്നു. 9 പേരെ കാണാതായി. ഇതിൽ ഒരു സ്ത്രീയുടെ മൃതദേഹമാണ് ഇന്ന് കിട്ടിയത്. പരുക്കേറ്റ 7 പേർ ആശുപത്രിയിലാണ്. ദേശീയപാതയിൽ നിന്നു പുഴയിലേക്കുവീണ 2 പാചകവാതക ടാങ്കർ ലോറികളിൽ ഒന്നു മാത്രമാണ് 7 കിലോമീറ്റർ അകലെനിന്നു കണ്ടെത്തിയത്. ലോറിയിലെ പാചകവാതക ടാങ്കർ പൊട്ടിത്തെറിച്ചതാകും സ്ഫോടനത്തിനും വെള്ളം ഉയരാനും കാരണമെന്നാണ് കരുതുന്നത്.
ലോറി കരയിൽ ഇല്ലെന്ന നിഗമനത്തിലാണ് സൈന്യവും രക്ഷാപ്രവർത്തകരും. കുടുംബം പറഞ്ഞ സ്ഥലങ്ങളിൽ എല്ലാം പരിശോധന നടത്തിയെന്ന് സൈന്യം അറിയിച്ചു. ആദ്യഘട്ടത്തിൽ പരിശോധന നടത്തി മണ്ണ് നീക്കിയ സ്ഥലത്ത് വീണ്ടും സിഗ്നൽ ലഭിച്ചിരുന്നു. ഈ പ്രദേശവും രക്ഷാപ്രവർത്തകർ പരിശോധിച്ചു. തിരച്ചിൽ അവസാനിപ്പിച്ച് സൈന്യം മടങ്ങുമെന്ന വിവരങ്ങൾ ആദ്യഘട്ടത്തിൽ പുറത്തുവന്നെങ്കിലും ഇത് തെറ്റാണെന്നും തിരച്ചിൽ തുടരുമെന്നും സൈന്യം വ്യക്തമാക്കിയിട്ടുണ്ട്.